ഇന്ത്യ – കാനഡ നയതന്ത്ര പ്രതിസന്ധി: ഇന്ത്യ – അമേരിക്ക ബന്ധം വഷളായേക്കാമെന്ന് അമേരിക്കന്‍ അംബാസിഡര്‍ മുന്നറിയിപ്പ് നല്‍കി

ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വന്നതിന് പിന്നാലെ ഇന്ത്യ – അമേരിക്ക ബന്ധം സുഗമമാകില്ല എന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ എറിക് ഗാര്‍സെട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്. പൊളിറ്റിക്കോയില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാമെന്ന് എറിക് തന്റെ ടീമിന് സൂചന നല്‍കിയതായി പറയപ്പെടുന്നു.

അനിശ്ചിതകാലത്തേക്ക് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരുമെന്ന് അദ്ദേഹം പറഞ്ഞതായി പേര് വെളിപ്പെടുത്താത്ത ഒരു വിദേശകാര്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാറിനെ ജൂണില്‍ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് അമേരിക്ക നേരത്തേ അറിയിച്ചിരുന്നു. കൂടാതെ സമഗ്രമായ അന്വേഷണത്തിനു അമേരിക്ക ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കന്‍ അംബാസിഡറും ടീമംഗങ്ങളും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഇന്ത്യന്‍ ജനങ്ങളുമായും സര്‍ക്കാരുമായും ഞങ്ങളുടെ ശക്തമായ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനാണ് അംബാസഡര്‍ ഗാര്‍സെറ്റി. ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം പ്രധാനവും തന്ത്രപരവുമാണ്”- വിദേശകാര്യ വക്താവ് പറഞ്ഞു.

അതേസമയം, കൂടുതൽ കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ഒരാഴ്ചയ്ക്കകം പിന്‍വലിക്കണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇതിനായി ഒക്ടോബര്‍ 10 വരെയാണ് കാനഡയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. കാനഡയുടെ 62 നയതന്ത്ര പ്രതിനിധികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. എന്നാല്‍ പ്രതിനിധികളുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.