സിറിയയില്‍ ഹെലികോപ്റ്റര്‍ റെയ്ഡിനിടെ ഐഎസ് ഭീകരനെ പിടികൂടിയതായി യുഎസ് സൈന്യം

വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 25ന് വടക്കന്‍ സിറിയയില്‍ നടത്തിയ ഹെലികോപ്റ്റര്‍ റെയ്ഡിനിടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിന്റെ ഭീകരനെ പിടികൂടിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മേഖലയിലെ ഐസിസ് ശൃംഖലയുമായി ബന്ധമുണ്ടെന്ന് കരുതുന്ന അബു ഹലീല്‍ അല്‍-ഫദാനിക്ക് എന്നയാളാണ് പിടിയിലായത്. ഇതു വഴി സംഘത്തിലെ കൂടുതലാളുകളെ പിടികൂടാനാകുമെന്നാണ് കരുതുന്നതെന്ന് കമാന്‍ഡ് വക്താവ് ലഫ്റ്റനന്റ് കേണല്‍ ട്രോയ് ഗാര്‍ലോക്ക് പറഞ്ഞു.

അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദിഷ് സേനയും അറബ് മിലിഷ്യന്‍മാരുമായുള്ള തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വാര്‍ത്ത പുറത്ത് വന്നത്. സിറിയന്‍ മാധ്യമങ്ങളില്‍ നിന്നും ആക്ടിവിസ്റ്റുകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് അമേരിക്കക്കാര്‍ താമസിക്കുന്ന ഇറാഖി അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിബാന്‍ ഉള്‍പ്പെടെ ഡീര്‍ എല്‍-സൂര്‍ പ്രവിശ്യയിലെ നിരവധി പട്ടണങ്ങളില്‍ തിങ്കളാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 2015 മുതല്‍ നൂറുകണക്കിന് യുഎസ് സൈനികര്‍ ഇവിടെയുണ്ട്. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങള്‍ ഉള്ളത് ഈ പ്രവിശ്യയിലാണ്.

സിറിയയില്‍ 12 വര്‍ത്തോളം നീണ്ടുനിന്ന രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തില്‍ അരലക്ഷത്തോളമാളുകളാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് ബാഷര്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കും കിഴക്കന്‍ സിറിയയിലെ സ്വയംഭരണ പ്രദേശത്തിനുമെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദിഷ് നേതൃത്വത്തിലുള്ള സേനയെ വിഘടനവാദികളായിട്ടാണ് കണക്കാക്കുന്നത്.