പെൺകുട്ടിയുമായി ഇറ്റലിയിലേക്ക് ഒളിച്ചോടിയ അലബാമയിലെ കത്തോലിക്കാ പുരോഹിതൻ തിരികെയെത്തി, വിവാഹിതനായി

18 വയസുള്ള ഒരു പെൺകുട്ടിയുമായി ഇറ്റലിയിലേക്ക് ഒളിച്ചോടിയ അലബാമയിലെ കത്തോലിക്കാ പുരോഹിതനെതിരെ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. അതിനിടെ പുരോഹിതനും പെൺകുട്ടിയും അമേരിക്കയിൽ തിരികെ എത്തുകയും നിയമപരമായി വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവരം ദ് ഗാർഡിയൻ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.

അലബാമയിലെ മൊബൈൽ കൗണ്ടിയിൽ വിവാഹ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോഴാണ് വാർത്ത പുറത്തറിഞ്ഞത്. വിവാഹ സർട്ടിഫിക്കറ്റിൽ 30 വയസ്സുള്ള അലക്സാണ്ടർ ക്രോ 18 വയസ്സുകാരിയെ വിവാഹം ചെയ്തു എന്ന് സൂചിപ്പിച്ചിട്ടുണ്ട്. പെൺകുട്ടി മാക്ഗിൽ ട്യൂലൻ പബ്ളിക് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ക്രോ പെൺകുട്ടിയുമായി ഇറ്റലിയിലേക്ക് പോയത്. ഒരിക്കലും തിരികെ വരില്ല എന്നാണ് ആദ്യം അറിയിച്ചത്. മൊബൈലിലെ കത്തോലിക്കാ അതിരൂപത ഇദ്ദേഹത്തെ വൈദിക ചുമതലകളിൽ നിന്ന് മാറ്റിയതായി അന്നു തന്നെ അറിയിച്ചിരുന്നു. ഒരു പുരോഹിതന് ഒരിക്കലും നിരക്കാത്ത പ്രവൃത്തി ചെയ്ത അയാളെ എന്നേന്നുക്കുമായി അയാളുടെ പദവിയിൽ നിന്ന് വിലക്കിയിട്ടുണ്ട് എന്ന് അതിരൂപത അറിയിച്ചു. തിരുപട്ടം സ്വീകരിച്ച് ബ്രഹ്മചര്യം തിരഞ്ഞെടുത്തിരിക്കുന്ന പുരോഹിതർ സാധാരണക്കാരായ മുതിർന്നവരുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചില നിർദേശങ്ങൾ അതിരൂപത ഇറക്കിയിട്ടുണ്ട്.

എന്തായാലും മാക്ഗിൽ ട്യൂലൻ സ്കൂളിലെ മറ്റ് പല വിദ്യാർഥിനികളുമായും ക്രോയ്ക്ക് അതിരുവിട്ട അടുപ്പങ്ങളുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാൽ പരാതികൾ കിട്ടിയിട്ടില്ല. ക്രോയുമായി പ്രണയത്തിലാണെന്ന കാര്യമോ ഇറ്റലിക്കു പോകുന്ന കാര്യമോ പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഈ മാസം ആദ്യം ഇരുവരും ഇറ്റലിയിൽ നിന്ന് തിരിച്ചെത്തി. പെൺകുട്ടിയുമായി പൊലീസ് സംസാരിച്ചു. എന്നാൽ അവൾ സുരക്ഷിതയാണെന്നും ഒരു പരാതിയുമില്ലെന്നും അറിയച്ചതിനെ തുടർന്ന് ക്രോയ്ക്ക് എതിരെ കേസ് എടുത്തില്ല. പിന്നീട് കഴിഞ്ഞ ദിവസമാണ് അവർ നിയമപരമായി വിവാഹം ചെയ്തു എന്ന വാർത്ത പുറത്തു വരുന്നത്.

US Catholic priest who avoided charges marries teen he fled to Italy with