യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് നീക്കം

ഫ്ളോറിഡ: യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് നീക്കം. സരസോട്ടയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗമായ ഗ്രെഗ് സ്റ്റ്യൂബ് ആണ് പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്തിരിക്കുന്നത്. ബൈഡനെ ഇംപീച്ച് ചെയ്യുന്നതിനുള്ള കൂടുതൽ നടപടികളുമായി താൻ മുന്നോട്ട് പോകുമെന്ന് ഗ്രെഗ് സ്റ്റ്യൂബ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

‘‘ജോ ബൈഡൻ പ്രസിഡൻസിക്ക് അപകീർത്തി വരുത്തി, പ്രസിഡന്റ് എന്ന നിലയിൽ വിശ്വാസ വഞ്ചന കാട്ടി,അമേരിക്കയിലെ പൗരന്മാരുടെ ചെലവിൽ ഭരണത്തെ അട്ടിമറിച്ചു. കൈക്കൂലി, ഭീഷണികൾ, വഞ്ചന എന്നിവയിലൂടെ ബൈഡന്റെ കുടുംബം സർക്കാർ സ്ഥാനങ്ങളിൽ നിന്ന് വ്യക്തിപരമായി ലാഭം നേടിയിട്ടുണ്ട്. നമ്മുടെ രാജ്യം വിറ്റ് വൈറ്റ് ഹൗസിൽ ഇരിക്കാൻ ജോ ബൈഡനെ അനുവദിക്കരുത്.’’ – സ്റ്റ്യൂബ് പറഞ്ഞു

പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ സാമ്പത്തിക, ബിസിനസ് ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക കൗൺസിൽ രൂപീകരിക്കുകയാണെന്ന് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ബൈഡനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ഹണ്ടറിന്റെ ബിസിനസ്സ് ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.