ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക; പിന്നിലായത് ചൈനയും യുഎഇയും

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നടന്നത്. 2022-23ലെ സമാന കാലത്തെ 6,728 കോടി ഡോളറിനേക്കാള്‍ 11.3 ശതമാനം കുറവാണിത്.

രണ്ടാംസ്ഥാനത്തേക്ക് വീണ ചൈനയുമായുള്ള ഇടപാട് നടപ്പുവര്‍ഷം ആദ്യപാതിയില്‍ 5,811 കോടി ഡോളറിന്റേതാണ്. ചൈനയുമായുള്ള ഇടപാടും 3.56 ശതമാനം താഴ്ന്നു.

ഇന്ത്യക്ക് വ്യാപാര സര്‍പ്ലസുള്ള (Trade Surplus) ചുരുക്കം രാജ്യങ്ങളിലൊന്നാണ് അമേരിക്ക. നടപ്പുവര്‍ഷം ഏപ്രില്‍-സെപ്റ്റംബറില്‍ അമേരിക്കയിലേക്ക് 3,828 കോടി ഡോളറിന്റെ കയറ്റുമതി ഇന്ത്യ നടത്തി; ഇറക്കുമതി 2,189 കോടി ഡോളറിന്റേതായിരുന്നു.

പ്രവാസി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളി പ്രവാസികള്‍ ഏറെയുള്ള യു.എ.ഇയാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി. ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബറില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 3,616 കോടി ഡോളറിന്റെ വ്യാപാരം നടന്നു. സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവയാണ് യഥാക്രമം യുഎഇക്ക് ശേഷമുള്ളവ.

ചൈന ഉള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളുമായും ഇന്ത്യക്കുള്ളത് വ്യാപാര കമ്മിയാണ്. അതായത്, ആ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അവിടങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

More Stories from this section

family-dental
witywide