വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ഉത്തരവിട്ട് ബൈഡൻ ഭരണകൂടം. മോസ്കോയിൽ നിന്ന് രണ്ട് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ റഷ്യൻ നടപടിക്കെതിരെ തിരിച്ചടിച്ചിരിക്കുകയാണ് യുഎസ്.
യുഎസ് കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന റഷ്യൻ പൗരനുമായി സമ്പർക്കം പുലർത്തിയെന്നാരോപിച്ചാണ് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കിയത്. ഇതിനു മറുപടിയായായാണ് യു എസിന്റെ നടപടി. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള റഷ്യയുടെ തീരുമാനത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലർ അപലപിച്ചു. റഷ്യയുടെ നടപടികളോട് അമേരിക്ക ഉചിതമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ നയതന്ത്രജ്ഞരെ റഷ്യൻ ഭരണകൂടം ഉപദ്രവിക്കുന്ന രീതി വെച്ചുപൊറുപ്പിക്കില്ല, മോസ്കോയിലെ ഞങ്ങളുടെ എംബസി ഉദ്യോഗസ്ഥർക്കെതിരായ അസ്വീകാര്യമായ നടപടികൾക്ക് അനന്തരഫലങ്ങൾ ഉണ്ടാകും,” വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു.
ഉക്രെയ്നിലെ യുദ്ധത്തെച്ചൊല്ലി വാഷിംഗ്ടണും മോസ്കോയും തമ്മിൽ ശത്രുത നിലനിൽക്കുന്ന സമയത്താണ് ഇരുരാജ്യങ്ങളുടെയും നയതന്ത്രജ്ഞരുടെ പുറത്താക്കലുകൾ നടക്കുന്നത്. ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശമായ നിലയിലേക്കാണ് റഷ്യ – യു എസ് നയതന്ത്രബന്ധങ്ങൾ പോകുന്നത്.
നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് സെപ്റ്റംബർ 14-നാണ് റഷ്യയിലെ യുഎസ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ജെഫ്രി സിൽലിൻ, രണ്ടാമത്തെ സെക്രട്ടറി ഡേവിഡ് ബേൺസ്റ്റീൻ എന്നിവർക്കെതിരെ ഏഴു ദിവസത്തിനകം രാജ്യം വിടാൻ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. ഉക്രെയ്‌നിൽ റഷ്യ നടത്തുന്ന സൈനിക നടപടികളെക്കുറിച്ചും അനുബന്ധ പ്രശ്‌നങ്ങളെക്കുറിച്ചും യുഎസ് നയതന്ത്രജ്ഞർക്കായി വിവരങ്ങൾ ശേഖരിച്ചുവെന്നാരോപിച്ച മുൻ കോൺസുലേറ്റ് ജീവനക്കാരൻ റോബർട്ട് ഷോനോവിനെ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ റഷ്യയുടെ അവകാശവാദങ്ങൾ യുഎസ് പൂർണമായും നിരസിച്ചു.
അതേസമയം അമേരിക്കയുമായുള്ള അവസാന ആണവ കരാറിൽ റഷ്യയുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തിയാതായി ഫെബ്രുവരിയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. യുഎസ്സുമായുള്ള എസ്.ടി.എ.ആർ.ടി ഉടമ്പടിയിൽ റഷ്യയുടെ പങ്കാളിത്തം താത്കാലികമായി നിർത്തി വെയ്ക്കുകയാണെന്ന് പുടിൻ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ ആണവായുധങ്ങൾ പരിമിതപ്പെടുത്തുന്ന ഉടമ്പടിയാണിത്.