ഇറാനിയൻ ആയുധ സംഭരണ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; ഇറാനുള്ള തിരിച്ചടിയെന്ന് പെന്റഗൺ

വാഷിങ്ടൺ: കിഴക്കൻ സിറിയയിലെ ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ് സൈന്യം. ഇറാനിലെ വിപ്ലവഗാർഡുകൾ ആയുധ സംഭരണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് കേന്ദ്രങ്ങളിലാണ് യുഎസ് യുദ്ധവിമാനങ്ങ ആക്രമണം നടത്തിയതെന്ന് പെന്റഗ മേധാവി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.

ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനകള്‍ അടുത്ത ദിവസങ്ങളില്‍ സിറിയയിലെയും ഇറാക്കിലെയും യുഎസ് സൈനിക താവളങ്ങള്‍ക്കു നേര്‍ക്കു നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നു പെന്റഗണ്‍ വ്യക്തമാക്കി. യുഎസ് ആക്രമണത്തിന് ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വിശദീകരിച്ചു.

യുഎസിന്റെ രണ്ട് എഫ്-16 യുദ്ധവിമാനങ്ങളാണു വെള്ളിയാഴ്ച പുലര്‍ച്ചെ സിറിയന്‍ പട്ടണമായ അബു കമാലില്‍ ആക്രമണം നടത്തിയത്. ആളപായമുണ്ടായോ എന്നതില്‍ വ്യക്തതയില്ല. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചശേഷം ഇറാക്കിലെ യുഎസ് താവളങ്ങളില്‍ 12 തവണ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുണ്ടായി. സിറിയിലെ യുഎസ് താവളങ്ങള്‍ നാലു തവണയും ആക്രമിക്കപ്പെട്ടു. 21 യുഎസ് സൈനികര്‍ക്കു നിസാര പരിക്കേറ്റു.

ഗാസയ്ക്കു പുറമേ ഇറാക്ക്, സിറിയ, യെമന്‍, ലബനന്‍ രാജ്യങ്ങളിലും ഇറാന്റെ പിന്തുണയോടെ സായുധസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസ് സേനയ്ക്കു നേര്‍ക്കുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നടപടികളിലേക്കു കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് ലോയ്ഡ് ഓസ്റ്റിന്‍ നല്കിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യാഴാഴ്ച ഇറാനു മുന്നറിയിപ്പു നല്കിയിരുന്നു. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് രണ്ടു വിമാന വാഹിനികളുടെ നേതൃത്വത്തിലുള്ള കപ്പല്‍പ്പടകളെ മെഡിറ്ററേനിയനിലേക്ക് അയച്ചിട്ടുണ്ട്.