വാഷിങ്ടൺ: കിഴക്കൻ സിറിയയിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും (ഐആർജിസി) അനുബന്ധ സംഘങ്ങളും ഉപയോഗിച്ചതായികണക്കാക്കുന്ന ആയുധ സംഭരണ കേന്ദ്രത്തിനെതിരെ യുഎസ് സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടുവെന്ന് സിറിയൻ ഒബ്സർവേറ്ററി ഓഫ് ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം യുഎസിന്റെ എഫ്-15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. യുഎസ് സേനക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ യുഎസ് സൈന്യത്തിന് നേരെ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണെങ്കിൽ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ കൂടുതൽ നടപടികൾക്ക് മടിക്കില്ലെന്ന് ഓസ്റ്റിൻ പറഞ്ഞു. ഇറാൻ പിന്തുണയുള്ള സിറിയിലെ സേനകൾക്ക് നേരെ ഇതിന് മുമ്പും യുഎസ് ആക്രമണം നടത്തിയിട്ടുണ്ട്. ഒക്ടോബർ 26ന് ഇറാൻ ഉപയോഗിക്കുന്ന സിറിയയിലെ രണ്ട് കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് യുഎസ് അറിയിച്ചിരുന്നു.
900 സൈനിക ട്രൂപ്പുകളാണ് യുഎസിന് സിറിയയിലുള്ളത്. 2500 ട്രൂപ്പുകൾ ഇറാഖിലുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ പ്രതിരോധിക്കുന്നതിനായാണ് സൈന്യം ഇപ്പോഴും സിറിയയിൽ തുടരുന്നതെന്നാണ് യുഎസ് ഭാഷ്യം.