വാഷിംഗ്ടണ്‍: പറന്നുയരാന്‍ ടെര്‍മിനലില്‍ കാത്തിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വഴി ചിറകിലേറി സാഹസികത കാണിച്ച യുവാവ് യു.എസില്‍ പിടിയിലായി. ന്യൂ ഓര്‍ലിയന്‍സ് ലൂയിസ് ആംസ്‌ട്രോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
വിമാനത്തിനുള്ളിലെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് വിമാനത്തിന്റെ ചിറകിലേക്ക് കയറുകയും അവിടെ നിന്ന് താഴേക്ക് ചാടി വിമാനത്താവളത്തിലൂടെ ഓടുകയും ചെയ്ത യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. 38 കാരനായ യുവാവിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് മാസകിയ അസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിനു ശേഷം സുരക്ഷാ പരിശോധനയ്ക്കായി വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. വിമാനത്തില്‍ നിന്നും ചിറകുവഴി ചാടി ഇറങ്ങിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ടെര്‍മിനലില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു സര്‍വ്വീസ് ട്രക്ക് ഓടിക്കാൻ ശ്രമിച്ചതായി സംഭവത്തിന്റെ ദൃക്‌സാക്ഷിയായ യാത്രക്കാരന്‍ പറഞ്ഞു. സുരക്ഷാഭീഷണിയുണ്ടാക്കുന്ന ഒന്നുംതന്നെ ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടില്ല. വിമാനവും പൂര്‍ണമായും പരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം, സംഭവവും തുടര്‍ന്നുള്ള സുരക്ഷാ പരിശോധനകളും കാരണം യാത്ര രണ്ട് മണിക്കൂര്‍ വൈകി. യാത്രക്കാര്‍ മറ്റൊരു വിമാനത്തിലാണ് യാത്ര തുടര്‍ന്നത്.
US Man Arrested After Opening Parked Plane’s Emergency Exit And Climbing Onto Its Wing