അമേരിക്കയില്‍ കടുത്ത സാമ്പത്തിക മാന്ദ്യം വരുന്നു: സാമ്പത്തിക വിദഗ്ധന്‍ നീല്‍കാന്ത് മിശ്ര

ന്യൂഡല്‍ഹി: അമേരിക്ക വീണ്ടും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്നും അത് ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി സാമ്പത്തിക വിദഗ്ധര്‍. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏതു മാറ്റവും ഇന്ത്യയിലെ വ്യവസായ- സേവന മേഖലകളെ ബാധിക്കുമെന്നും ആക്സിസ് ബാങ്ക് ചീഫ് എക്കണോമിസ്റ്റും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പാർട്ട് ടൈം ചെയർപേഴ്‌സണുമായ നീല്‍കാന്ത് മിശ്ര പറഞ്ഞു. എന്‍ടിറ്റിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

യുഎസിന്റെ ധനക്കമ്മി അവരുടെ ജിഡിപിയുടെ നാല്‌ ശതമാനമായി വർദ്ധിച്ചുവെന്നാണ് വിദഗ്ധരുടെ വിശകലനം പറയുന്നത്. “ധനക്കമ്മി ഉയർന്നതാണെങ്കിൽ, മാന്ദ്യം ഉണ്ടാകില്ല. എന്തായാലും, ധനക്കമ്മി വർധിപ്പിക്കുന്നില്ലെങ്കിൽ, അമേരിക്കയ്ക്ക് സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്താൻ കഴിയില്ല,” മിശ്ര പറഞ്ഞു. അടുത്ത വർഷം ധനക്കമ്മി നിലനിർത്താൻ അവർക്ക് കഴിഞ്ഞാലും, അത് തന്നെ ഒരു പ്രശ്നമായി മാറി സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കു വീണാല്‍ വ്യവസായ മേഖലയ്ക്കു പുറമേ ഇന്ത്യയുടെ ഐടി , കയറ്റുമതി മേഖലകള്‍ കനത്ത തിരിച്ചടി നേരിടും.. കൂടാതെ ഇന്ത്യയിൽ വലിയ സംഖ്യാ വായ്പ എടുക്കുന്നവർക്ക് നേരത്തെ എളുപ്പത്തിൽ ഡോളർ വായ്പ ലഭിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ ആറു മാസമായി അത്തരം വായ്പകൾ ലഭ്യമല്ല. ഇത് ബോണ്ട് , ഇക്വിറ്റി മാർക്കറ്റുകൾ തുടങ്ങിയ സാമ്പത്തിക വിപണികളിലെ ചാഞ്ചാട്ടം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക മാന്ദ്യത്തെ ആളുകൾ ഭയപ്പെടാൻ തുടങ്ങിയതിനാൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ക്രൂഡ് ഓയിലിന്റെ വിലയില്‍ ഇടിവ് നേരിട്ടിട്ടുണ്ടെന്നും അടുത്ത വർഷം മെയ്-ജൂണിൽ യുഎസ് മാന്ദ്യത്തിലേക്ക് പോയാൽ, എണ്ണ വില കുറയുമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അത് മാത്രമാണ് ഇന്ത്യക്ക് ലഭിക്കുന്ന ആശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു.

US may see deep recession, could impact India’s market; Neelkanth Mishra