
ന്യൂയോര്‍ക്; കനേഡിയൻ പൗരനായ ഖലിസ്ഥാന്‍വാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു ശേഷം , ഇന്ത്യയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന രഹസ്യവിവരം കാനഡയ്ക്ക് യുഎസ് കൈമാറിയിരുന്നു എന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം സംബന്ധിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണമാണ് കാനഡയുടെ രഹസ്യാന്വേഷണ ഏജന്‍സി തെളിവായി പറയുന്നത്. എന്നാല്‍ ഈ തെളിവിനെ സാധൂകരിക്കുന്നത് യുഎസ് നല്‍കിയ രഹസ്യ വിവരങ്ങളാണ്. നിജ്ജാറിന്റെ മരണം സംബന്ധിച്ച് വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കാനഡ പ്രതിരോധ മ ന്ത്രി ബില്‍ ബ്ളെയര്‍ പറഞ്ഞു.
നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് ശരിവയ്ക്കുന്ന ഇൻ്റലിജൻസ് റിപ്പോര്‍ട്ട് കാനഡ ഇന്ത്യയ്ക്ക് കൈമാറും മുമ്പ് അമേരിക്ക ഉള്‍പ്പെട്ട ഫൈവ് ഐ നെറ്റ് വര്‍ക്കിലെ രാജ്യങ്ങളുമായി പങ്കിട്ടിരുന്നു എന്ന് കാനഡയിലെ യുഎസ് അംബാസിഡര്‍ ഡേവിഡ് കോഹന്‍ ഒരു കനേഡിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ രഹസ്യാന്വേഷണ സഖ്യമാണ് ഫൈവ് ഐ നെറ്റ്വര്‍ക്. ആ രാജ്യങ്ങളുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവച്ചിരുന്നു. അതിനു ശേഷമാണ് ട്രൂഡോ ഈ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറിയത്. അതിനും ശേഷമാണ് പരസ്യമായി ആരോപണം ഉന്നയിച്ചത്.
എന്നാല്‍ എത്തരത്തിലുള്ള തെളിവുകളാണ് കൈമാറിയത് എന്ന് കോഹന്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ കാനഡയും യുഎസും തമ്മില്‍ ധാരാളം ആശയവിനിമയം നടന്നിട്ടുണ്ട്. ഔദ്യോഗികമായും അല്ലാതെയും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
കാനഡയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ട് യുഎസ് വിദേശകാര്യ മന്ത്രി ആൻ്റണി ബ്ളിന്‍കന്‍ ( സെക്രട്ടറി ഓഫ് സ്റ്റേറ്റ്) കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു.
“ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. കാനഡയുടെ പ്രധാനമന്ത്രി ഇയര്‍ത്തിയ ആരോപണങ്ങളില്‍ യുഎസിന് വലിയ ഉത്കണ്ഠയുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണം” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്ക കാനഡയുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും ആലോചനകള്‍ക്ക് അപ്പുറം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അമേരിക്ക കാനഡയുടെ കൂടെയുണ്ടെന്നും ബ്ളിന്‍കന്‍ പറഞ്ഞു. ഇതോടെ അമേരിക്ക കാനഡയെ പൂര്‍ണമായി പിന്തുണയ്ക്കുന്നു എന്ന് വ്യക്തമായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഉറച്ച നിലപാടിലാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് കാനഡ നടത്തുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നു. ഒപ്പം ഖലിസ്ഥാന്‍വാദികള്‍ക്കെതിരെ അതിശക്തമായ നീക്കമാണ് ഇന്ത്യ നടത്തുന്നത്.
US provided intelligence on Nijjar’s killing reports NYT