“പ്രസിഡൻ്റ് ബൈഡൻ ഇനി കാത്തിരിക്കാനാവില്ല, എത്രയും വേഗം യുദ്ധം അവസാനിപ്പിക്കൂ..”: വൈറ്റ്ഹൌസിനു മുന്നിൽ നിരാഹാരം

വാഷിങ്ടൺ ഡിസി: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെട്ട് പലസ്തീൻ അവകാശ പ്രവർത്തകരും ജനപ്രതിനിധികളും 5 ദിവസത്തെ നിരാഹാരം ആരംഭിച്ചു. നടിയും ആക്ടിവിസ്റ്റുമായ സിന്തിയ നിക്സണും പരിപാടിയുടെ ഭാഗമാണ്. വൈറ്റ് ഹൗസിന് പുറത്താണ് അഞ്ച് ദിവസത്തെ നിരാഹാര സമരം. നിരാഹാരം തുടങ്ങുന്നതിനു മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിൽ ജോ ബൈഡൻ്റെ ഇസ്രയേൽ പിന്തുണയ്ക്ക് എതിരെ അതിരൂക്ഷ വിമർശനം ഉയർന്നു.

എത്രയും വേഗം ഗാസയിൽ പൂർണമായ വെടിനിർത്തൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ” പ്രസിഡൻ്റ് ബൈഡൻ ഇനി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, എത്രയും വേഗം യുദ്ധം അവസാനിപ്പിക്കൂ.. യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ വൈകിയാണ് തീരുമാനിക്കുന്നതെങ്കിൽ ഇനിയും എത്ര പലസ്തീനികൾ ജീവനോടെയുണ്ടാകും എന്നറിയില്ല. അവിടെ നടക്കുന്നത് വംശഹത്യയാണ്. അമേരിക്കയിലെ ഭൂരിപക്ഷം ആളുകൾ ഈ ചോരക്കളിക്ക് എതിരാണ്. എന്നിട്ടും ആളുകളെ കൊന്നൊടുക്കാൻ പണമായും അയുധമായും പിന്തുണയായും സഹായം നൽകുകയാണ്”. അവർ കുറ്റപ്പെടുത്തി.

അവകാശപ്രവർത്തകർ മാത്രമല്ല, നിരവധി കലാകാന്മാരും രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർഥികളും വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ പ്രസിഡൻ്റ് ബൈഡനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ബൈഡൻ്റെ ഡെമോക്രാറ്റിക് പാർട്ടിയും ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയും ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണ തുടരുകയാണ്.

US rights advocates launch hunger strike for Israel-Hamas ceasefire