പന്നുവിനെ ന്യൂയോർക്കിൽ വച്ച് വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ പദ്ധതിയിട്ടു: തെളിവുകളുമായി അമേരിക്ക

ന്യൂയോർക്കിൽ കഴിയുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ വധിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയതായി യുഎസ് ആരോപണം. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്തയെന്നയാളെ ഏൽപ്പിച്ചിരുന്നു എന്നാണ് യുഎസ് ജസ്റ്റിസ് ഡിപാർടിമെൻ്റിൻ്റെ കണ്ടെത്തൽ. ഇന്നലെ ന്യൂയോർക് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങളുള്ളത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ്റെ പേര് അതിൽ സൂചിപ്പിക്കുന്നില്ല.

നിഖിൽ ഗുപ്തയെ ജൂണിൽ ചെക്ക് റിപ്പബ്ളിക്കിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവികളും വച്ചാണ് യുഎസിൻ്റെ ആരോപണം. നിഖിൽ ഗുപ്ത ലഹരി – ആയുധക്കടത്തു നടത്തുന്ന വ്യക്തിയാണെന്നും ഇതിനു മുമ്പും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും യുഎസ് ആരോപിക്കുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥൻ കൃത്യം നടത്താനായി ഇയാൾക്ക് ഒരു ലക്ഷം ഡോളർ കൊടുത്തതായും പറയുന്നു. ഇയാൾ കൊലപാതകം നടത്താനായി മറ്റൊരു വാടകക്കൊലയാളിയെ അന്വേഷിച്ച് ഏൽപ്പിച്ചു. ഇയാൾ പക്ഷേ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജൻ്റായിരുന്നു. അങ്ങനെയാണ് പദ്ധതി പൊളിയുന്നത്. “സിഖുകാർക്കു വേണ്ടി സ്വതന്ത്ര രാഷ്ട്രം വേണമെന്ന് പരസ്യമായി വാദിക്കുന്ന ഒരു ഇന്ത്യൻ വംശജനായ അമേരിക്കൻപൌരനെ ഇവിടെ ന്യൂയോർക്കിൽ വച്ച് കൊലപ്പെടത്താൻ ഡൽഹിയിൽ വച്ച് പ്രതി ഗൂഢാലോചന നടത്തി” എന്നാണ് ജഡ്ജി കുറ്റപത്രത്തിൽ വായിച്ചത്.

ഇന്ത്യയുടെ പട്ടികയിൽ തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഗുർപത്വന്ത് സിങ് പന്നു. കൂടാതെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സിഖ് ഫോർ ജസ്റ്റിസിനെ ഭീകരവാദ സംഘടനയെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

യുഎസ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രത്തിൽ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത ‘ഇന്ത്യൻ ഉദ്യോഗസ്ഥനെ’ സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇയാളാണ് മുഴുവൻ പദ്ധതികൾക്കും പിന്നിൽ. ഇയാള്‍ സി ആർ പി എഫ് മുൻ ഉദ്യോഗസ്ഥനാണെന്നും നിലവിൽ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇന്റലിജൻസ് എന്നീ ഉത്തരവാദിത്തങ്ങളുള്ള ‘സീനിയർ ഫീൽഡ് ഓഫീസർ’ ആന്നെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളതെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഗുജറാത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഖില്‍ ഗുപ്തയെ കേസുകളില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ്‌ ഇയാള്‍ ഗൂഢാലോചനയുടെ ഭാഗമാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. 2023 മെയ് മാസത്തിലാണ് സിസി-1 (ഇന്ത്യൻ ഉദ്യോഗസ്ഥൻ) നിഖില്‍ ഗുപ്തയുമായി ബന്ധപ്പെടുന്നത്. ടെലിഫോണും മറ്റ് ഇലക്ട്രോണിക് ആശയായവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു നിർദേശങ്ങൾ കൈമാറിയിരുന്നത്. തുടർന്ന് ഇരുവരും ന്യൂ ഡൽഹിയിൽ വച്ച് നേരിട്ട് കണ്ടതായും പറയുന്നു.

ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ ന്യൂയോർക്കിൽ ഒരു കൊലയാളിയെ ഏർപ്പെടുത്തുകയായിരുന്നു നിഖിൽ ഗുപ്തയുടെ ജോലി. അതിന്റെ ഭാഗമായി ഒരുലക്ഷം ഡോളറിന്റെ ക്വട്ടേഷൻ ന്യൂയോർക്കിലുള്ള കൊലയാളിക്ക് നൽകാനും നിഖിൽ പദ്ധതിയിട്ടിരുന്നു. എന്നാൽ നിഖിൽ ഗുപ്ത കണ്ടെത്തിയ കൊലയാളി യു എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിൻസ്‌ട്രേഷന്റെ അണ്ടർകവർ ഏജന്റായിരുന്നു. ഇതോടെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന പുറത്തുവരുന്നത്.