ഗാസയെ തകർക്കാൻ അമേരിക്ക ഇസ്രയേലിന് ബങ്കർ ബസ്റ്റർ ബോംബുകൾ നൽകിയതായി റിപ്പോർട്ട്

വാഷിങ്ടണ്‍: ഗാസക്കെതിരായ യുദ്ധത്തിന് അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും മറ്റു നിരവധി യുദ്ധോപകരണങ്ങളും ഇസ്രയേലിന് നല്‍കിയതായി അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ ദി വാള്‍ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ സാമ്പത്തിക സഹായമായി ഓരോ വര്‍ഷവും ലഭിക്കുന്നത് കോടിക്കണക്കിന് ഡോളറുകളാണെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേലിലേക്ക് യുഎസ് 15,000 ബോംബുകളും 57000, 155MM പീരങ്കി ഷെല്ലുകളും ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കയ്യറ്റുമതി ചെയ്തതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. C17 വിമാനത്തിലാണ് അവ ഇസ്രയേലിൽ എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സ്‌ഫോടനത്തിന് മുമ്പ് കഠിനമായ പ്രതലങ്ങളില്‍ തുളച്ച് കയറാന്‍ പ്രാപ്തിയുള്ള 100 BLU-109 ബോംബുകൾ അമേരിക്ക ഇസ്രയേലിന് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ആയുധ കൈമാറ്റങ്ങളെ കുറിച്ച് അമേരിക്ക ഇതുവരെ ഒദ്യോഗികയായി പ്രതികരിച്ചിട്ടില്ല.