വാഷിങ്ടണ്‍: ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇറാന് പങ്കുള്ളതായി ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്ന് അമേരിക്ക. ഹമാസിന്റെ സൈനിക വിഭാഗത്തിന് ഇറാന്‍ വന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ വിശാലമായ തലത്തില്‍ ആ രാജ്യത്തിന് കുറ്റത്തില്‍ പങ്കുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹമാസിന് ഇറാന്‍ പരിശീലനവും മറ്റ് സഹായങ്ങളും നല്‍കുന്നുണ്ട്. വര്‍ഷങ്ങളായി അവരുമായി ബന്ധവുമുണ്ട്. എന്നാല്‍, ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ഇറാന് മുന്‍കൂട്ടി അറിവുണ്ടായിരുന്നോ, സഹായം നല്‍കിയോ, ആക്രമണത്തിന് നിര്‍ദേശിച്ചോ എന്നതിന് ഇപ്പോള്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേക്കുറിച്ച് ഇസ്രായേല്‍ സര്‍ക്കാറുമായി സംസാരിക്കുന്നുണ്ട്. ഉക്രൈന് സഹായം നല്‍കാന്‍ അമേരിക്കക്ക് കെല്‍പുണ്ടെന്നും സള്ളിവന്‍ പറഞ്ഞു.