വാഷിങ്ടൺ: ഇസ്രയേൽ – പലസ്തീൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ യുദ്ധം കൂടതൽ മേഖലയിലേക്ക് പടരുമെന്ന ആശങ്കയിൽ ലോകം. കരയുദ്ധം ആസന്നമാണ് എന്ന് ഇസ്രയേൽ പറയുമ്പോൾ കടന്നുകയറ്റം നടത്തിയാൽ നോക്കിയിരിക്കില്ല എന്ന് ഇറാൻ ഒരിക്കൽ കൂടി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ലോകം ഉറ്റു നോക്കുന്നത് അമേരിക്കയിലേക്കാണ്.
ഹമാസ്-ഇസ്രയേൽ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് കാണാൻ യു എസിന് താല്പര്യമില്ല എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്ലിങ്കൻ വ്യക്തമാക്കി. ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരിൽ കൂടുതൽ പേരെ വരും ദിവസങ്ങളിലായി സ്വാതന്ത്രരാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപൂർവേഷ്യയിൽ യുദ്ധം വ്യാപിക്കാൻ സാധ്യതയുണ്ടെങ്കിൽ സജ്ജരായി നില്ക്കാൻ യുഎസ് സേനയോട് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് യുഎസ് പട്ടാളത്തിന് നേരെയും അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെതിരെ പ്രതികരിക്കാൻ തയാറെടുക്കു മാത്രമാണ് ചെയ്യുന്നതെന്നും പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ പറയുന്നു.
“ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ കൂടുതൽവഷളാക്കി എന്തെങ്കിലും ലാഭമുണ്ടാക്കാം എന്ന് കരുതുന്ന ഏതെങ്കിലും സംഘമോ രാജ്യങ്ങളോ ഉണ്ടെങ്കിൽ ഞങ്ങൾക്ക് അവരോട് പറയാനുള്ളത് പാടില്ല എന്നാണ്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ആർക്കുമുണ്ട്. കൃത്യമായ നടപടികൾ എടുക്കാൻ ഞങ്ങൾ മടിക്കില്ല” ഓസ്റ്റിൻ പറഞ്ഞു.
ഇറാൻ ഇടപെടുന്നതിന്റെ ഭാഗമായി ചിലപ്പോൾ യുദ്ധം വഷളാകാൻ സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാൻ തയാറെടുക്കുകയാണെന്ന് യു എസ് പ്രതിരോധ മന്ത്രാലയം അഭിപ്രായം അറിയിച്ചിരുന്നു.
ഗാസയിൽ നടക്കുന്നത് അമേരിക്കയുടെ നിഴൽയുദ്ധമാണന്ന് ഇറാൻ വിദേശമന്ത്രി ഹൊസൈൻ അമിർ അബ്‌ദൊള്ളാഹിയൻ ഇന്നലെ പറഞ്ഞു. അമേരിക്കയാണ് അടിച്ചമർത്തപ്പെട്ട പലസ്തീൻകാരെ ആക്രമിക്കുന്നത്. ഇസ്രയേൽ അതിന് ഒരു മറ മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ടെൽ അവീവ് സന്ദർശനവും ഇസ്രയേലിന് യുദ്ധസഹായം എത്തിക്കുന്നതും ഇതിന്റെ തെളിവാണ്. ഗാസയിലേക്കുള്ള ബോംബാക്രമണം തുടർന്നാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.