ന്യൂയോര്‍ക്ക്: കാനഡ – ഇന്ത്യ നയതന്ത്ര പ്രതിസന്ധിയില്‍ കാനഡയെ പിന്തുണച്ച് അമേരിക്ക. ഖലിസ്ഥാന്‍ വാദിയായ കനേഡിയന്‍ പൗരന്‍ ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ‘അതീവ ഗുരുതരം’ ആണെന്ന് അമേരിക്ക.വിഷയത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു.
തികച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടക്കുകയാണ് വേണ്ടത്. സംഭവിച്ച എല്ലാ കാര്യങ്ങളും പുറത്തുവരണം. ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കിര്‍ബി പറഞ്ഞു. കാനഡ ഇതേക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കാനഡയിലെ ജനങ്ങള്‍ക്ക് അറിയണം. രണ്ടു രാജ്യങ്ങളുമായും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നുണ്ട്. – കിര്‍ബി പറഞ്ഞു.
നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞിുന്നു. തൊട്ടു പിന്നാലെ കാനഡയും തുടര്‍ന്ന് ഇന്ത്യയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. അതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18-നാണ് യുഎസ് കാനഡ അതിര്‍ത്തിയിലെ സറെ നഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. നിജ്ജാറിന് ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. നിര്‍ത്തിയിട്ടിരുന്ന കാറില്‍ തലയ്ക്കു വെടിയേറ്റ നിലയിലാണു നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയില്‍ ആക്രമണത്തിനായി നിജ്ജാര്‍ കാനഡയില്‍ പദ്ധതിയിടുന്നുണ്ടെന്ന് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ കാനഡയ്ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 2021ല്‍ ജലന്തറില്‍ പൂജാരിയെ വധിച്ച കേസിലാണ് എന്‍ഐഎ നിജ്ജാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടത്.
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ കഴിയുന്ന വിദേശരാജ്യമാണ് കാനഡ. പ്രതിസന്ധി ഉടലെടുത്തതോടെ അവിടെ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്.