പെന്റഗൺ: സംഘർഷം വർധിച്ചുവരുന്ന മിഡിൽ ഈസ്റ്റിലേക്ക് ‘ഥാഡ്’ എന്നുവിളിക്കുന്ന ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) മിസൈലും അധിക പാട്രിയറ്റ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം ബറ്റാലിയനുകളും അയക്കാൻ യുഎസ്. മേഖലയിലെ യുഎസ് സൈനികർക്കെതിരായ സമീപകാല ആക്രമണങ്ങൾക്ക് മറുപടി നൽകാനൊരുങ്ങുകയാണ് രാജ്യം എന്നാണ് സൂചന.
ഇറാനും അവരുടെ ‘രഹസ്യസേന’കളും നടത്തുന്ന നീക്കങ്ങൾക്കെതിരെ ഇസ്രയേലിനെ സഹായിക്കാനാണിതെന്നും ആവശ്യമെങ്കിൽ അയയ്ക്കാനായി കൂടുതൽ സൈനികരെ സജ്ജരാക്കിയിട്ടുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. സംഘർഷം തുടങ്ങിയതിനു പിന്നാലെ തന്നെ യുഎസ് മേഖലയിലെ നാവികസാന്നിധ്യം വർധിപ്പിച്ചിരുന്നു.
കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പറഞ്ഞ ഓസ്റ്റിൻ എന്നാൽ എത്ര പേരുണ്ടെന്ന് പറഞ്ഞില്ല. നേരത്തെ മെഡിറ്ററേനിയന്‍ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ അമേരിക്ക അയച്ചിരുന്നു. ഇസ്രായേലിന് ആയുധങ്ങളും നല്‍കുന്നുണ്ട്. 2000 യുഎസ് സൈനികരും ഗാസയോട് ചേര്‍ന്ന തീരത്തെത്തിയിട്ടുണ്ട്.
“ഈ നടപടികൾ പ്രാദേശിക പ്രതിരോധ ശ്രമങ്ങളെ ശക്തിപ്പെടുത്തും, മേഖലയിലെ യുഎസ് സേനയുടെ ശക്തി സംരക്ഷണം വർദ്ധിപ്പിക്കുകയും ഇസ്രായേലിന്റെ പ്രതിരോധത്തിൽ സഹായിക്കുകയും ചെയ്യും,” ഓസ്റ്റിൻ കൂട്ടിച്ചേർത്തു.