വണ്ടിപ്പെരിയാര്‍ കേസ്: വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. അര്‍ജുനെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സ്വകാര്യ ഹര്‍ജ്ജിയും നല്‍കും. കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലിലും കുടുംബം കക്ഷിചേരും.

ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ ഒരു വകുപ്പും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതാണ് പ്രതി കുറ്റക്കാരനല്ലെന്ന് വിധി പറയാന്‍ കാരണമായത്. എന്നാല്‍ കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. കുട്ടി മരിച്ച അന്ന് തന്നെ പോലീസ് വീട്ടിലെത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തെളിവെടുപ്പിനിടയില്‍ തന്നെ പ്രതി അര്‍ജുന്‍ എല്ലാ കുറ്റവും സമ്മതിച്ചിരുന്നതായി കുട്ടിയുടെ അമ്മ പറയുന്നു. എന്നാല്‍ കോടതി തെളിവുകള്‍ കാണാതെ പോയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.

കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷ ഉദ്യോഗസ്ഥനായ ടിഡി സുനില്‍കുമാര്‍ പറഞ്ഞിരുന്നു. അര്‍ജുന്‍ പ്രതിയെന്ന് തന്നെയാണ് നൂറ് ശതമാനം നിഗമനവും. വിധിയിലെ മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് വരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കും. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചിരുന്നതായും സുനില്‍കുമാര്‍ വ്യക്തമാക്കി.

സാക്ഷിമൊഴികളും വിധിപ്പകര്‍പ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഡിജിപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന. ഇതോടൊപ്പം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി യുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷക കോണ്‍ഗ്രസും അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പ്രതിയെ വെറുതെ വിട്ട കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധിക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടത്.

More Stories from this section

family-dental
witywide