ചെന്നൈ: നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറിന് നേരെ ആക്രമണം. നടി തന്നെയാണ് താൻ ആക്രമിക്കപ്പെട്ട വിവരം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ആക്രമണത്തിൽ പരിക്കേറ്റതിന് ശേഷമുള്ള തന്റെ ചിത്രവും അവർ കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. തമിഴ് ബിഗ് ബോസിലെ മുൻ മത്സരാർത്ഥി കൂടിയാണ് വനിത. ഇവരുടെ മകൾ ഇക്കുറി ബിഗ് ബോസിൽ മത്സരിക്കുന്നുണ്ട്.
തമിഴ് ബിഗ് ബോസിലെ മത്സരാർത്ഥിയായ പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നിലെന്ന് വനിത ആരോപിച്ചു. ബിഗ് ബോസിൽ നിന്ന് പ്രദീപ് പുറത്താകാൻ കാരണം വനിതയുടെ മകൾ ജോവിക് ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം എക്‌സ് അക്കൗണ്ടിലൂടെയാണ് തനിക്ക് ആക്രമണമേറ്റ വിവരം വനിതാ വിജയകുമാർ അറിയിച്ചത്. മുഖത്ത് പരിക്കേറ്റതിന്റെ ചിത്രവും അവർ ഇതിനൊപ്പം പോസ്‌റ്റ് ചെയ്‌തിരുന്നു. സഹോദരി സൗമ്യയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് വരുംവഴിയാണ് ആക്രമണം നേരിടേണ്ടി വന്നതെന്ന് വനിത പറഞ്ഞു.
“മുഖത്ത് ശക്തിയായി ഇടിച്ച ശേഷം അയാൾ രക്ഷപ്പെടുകയായിരുന്നു. എന്റെ മുഖത്ത് നിന്ന് രക്തമൊഴുകുന്നുണ്ടായിരുന്നു.ഞാൻ വേദനയിൽ അലറി കരഞ്ഞു. പുലർച്ചെ ഒരു മണിയായതിനാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. എന്റെ സഹോദരിയെ ഞാൻ താഴേക്ക് വിളിച്ചുവരുത്തി. അവൾ പോലീസിൽ അറിയിക്കാമെന്ന് പറഞ്ഞെങ്കിലും അതിൽ എനിക്ക് വിശ്വാസം നഷ്‌ടപ്പെട്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെയുള്ള അയാളുടെ ചിരി കാതുകളെ ഇപ്പോഴും വേട്ടയാടുകയാണ്. എല്ലാത്തിൽ നിന്നും ഇടവേളയെടുക്കുകയാണ്,” സ്ക്രീനിൽ പ്രത്യക്ഷപ്പെടാനുള്ള ശാരീരികാവസ്ഥയിലല്ല താനെന്നും വനിതാ വിജയകുമാർ തന്റെ പോസ്‌റ്റിലൂടെ അറിയിച്ചു.