തിരുവനന്തപുരം: സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി നികുതി വകുപ്പ്. സിഎംആര്‍എല്ലില്‍ നിന്ന് എക്‌സാലോജിക് കമ്പനി കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണ നികുതി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ജിഎസ്ടി കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീണ ഐജിഎസ്ടി ഉള്‍പ്പെടെ എല്ലാ നികുതിയും അടച്ചിട്ടുണ്ടെന്നും ഇതിനൊക്കെ രേഖകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാലന് കൈമാറിയതായാണ് വിവരം. ധനമന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐടി കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ബംഗളൂരുവിലാണ്. അതിനാല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുയര്‍ന്നപ്പോള്‍ കര്‍ണാടകയിലും കേരളത്തിലുമായിട്ടായിരുന്നു നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്നും വീണാ വിജയന്‍ 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു വിവാദം. ഇത് മാസപ്പടിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. ഐടി സേവനങ്ങള്‍ക്കായാണ് കരാറുണ്ടാക്കിയതെന്നും എന്നാലതുണ്ടായില്ലെന്നും വെളിപ്പെടുത്തലില്‍ പറഞ്ഞിരുന്നു.
അതേസമയം വീണ വിജയനെതിരായ ആരോപണം കത്തിപ്പടര്‍ന്ന സമയത്ത് വീണ നികുതി അടച്ചിട്ടുണ്ടെന്നു തെളിഞ്ഞാല്‍ മാപ്പു പറയാന്‍ തയ്യാറാണെന്ന് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ ഐജിഎസ്ടി അടച്ചിരുന്നുവെന്ന വിവരം പുറത്തു വന്നപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിഞ്ഞതിനു ശേഷം പ്രതികരിക്കാമെന്നാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്. നികുതി അടച്ചതിന്റെ തീയതിയടക്കം പരിശോധിച്ച ശേഷം താന്‍ പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.