തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷ്യൻസും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനിയില്‍ നിന്ന് ഒരു സേവനവും നല്‍കാതെ മാസപ്പടിയായി മൂന്ന് വർഷത്തിനിടെ 1.72 കോടി കെെപ്പറ്റിയെന്നാണ് കണ്ടെത്തല്‍.
ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് വീണയ്ക്ക് കമ്പനി പണം നല്‍കിയതെന്നും ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് നിരീക്ഷിച്ചു.
കൺസൽട്ടൻസി ഐടി, സേവനങ്ങൾ നല്‍കുന്നതിനായി ശശിധരന് കർത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആർഎലുമായി എക്സാലോജിക്ക് കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ കരാർ പ്രകാരമുള്ള സേവനങ്ങളൊന്നും നല്‍കാതെ തന്നെ മാസം തോറും സിഎംആർഎല്ലില്‍ നിന്ന് വീണയും എക്സാലോജിക്കും പണം കെെപ്പറ്റിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി.
2016-ല്‍ ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങള്‍ക്കായും, 2017-ല്‍ സോഫ്റ്റ്വെയർ സേവനങ്ങൾക്കായും രണ്ട് കരാറുകളാണ് ഇരുകമ്പനികളും തമ്മിലുള്ളത്. ഇതനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷവുമാണ് സിഎംആർഎല്‍ നല്‍കേണ്ടിയിരുന്നത്. ഇത്തരത്തില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആകെ 1.72 കോടി രൂപ സിഎംആർഎല്‍ കെെമാറിയിട്ടുണ്ട്. വീണയ്ക്ക് 55 ലക്ഷവും, എക്സാലോജിക്കിന് ഒരു കോടി 17 ലക്ഷവുമാണ് ലഭിച്ചത്. ബാങ്ക് മുഖേനയാണ് ഇടപാടുകള്‍ നടന്നത്.
എന്നാല്‍ കരാർപ്രകാരമുള്ള എന്തെങ്കിലും സേവനങ്ങള്‍ എക്സാലോജിക്കില്‍ നിന്ന് ലഭിച്ചതായി അറിയില്ലെന്നാണ് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ എസ് സുരേഷ്കുമാറും ചീഫ് ജനറൽ മാനേജർ പി സുരേഷ്കുമാറും ആദായ നികുതി ബോർഡിന് നല്‍കിയിരിക്കുന്ന മൊഴി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്തയും ഇടപാട് നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പണത്തിന് പകരമായി സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നിരിക്കെ ഈ കെെമാറ്റത്തെ നിയമവിരുദ്ധ ഇടപാടായി പരിഗണിക്കമെന്ന ആദായനികുതി വകുപ്പിന്റെ വാദം അംഗീകരിച്ചാണ് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് തീർപ്പ് കൽപ്പിച്ചത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ തീരുമാനം അന്തിമമാണെന്നിരിക്കെ ബോർഡിന്റെ വിധിക്കെതിരെ അപ്പീൽ നൽകാൻ ഇരുകമ്പനികള്‍ക്കും സാധിക്കില്ല.
2019 ജനുവരി 25ന് സിഎംആർഎലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും മറ്റ് പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2013–14 മുതൽ 2019–20 വരെയുള്ള നികുതിയടവ് സംബന്ധിച്ചായിരുന്നു പരിശോധന. ഈ ഘട്ടത്തില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് വീണാ വിജയനുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തിയത്.
വീണാ വിജയന് പുറമെ ചില പ്രമുഖരായ വ്യക്തികൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും, പൊലീസ് ഉദ്യോഗസ്ഥർക്കും സിഎംആർഎല്‍ പണം നൽകിയതിന്റെ രേഖകളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.