ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായിരുന്ന മനീഷ് സിസോദിയ ജയിലിലേക്ക് മടങ്ങുന്നതിന് തൊട്ടുമുൻപ് രോഗിയായ ഭാര്യയെ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ.
”വേദനിപ്പിക്കുന്ന ചിത്രം… രാജ്യത്തെ ദരിദ്രരായ കുട്ടികളുടെ ഉന്നമതിക്കായി പ്രവർത്തിച്ച ഒരു മനുഷ്യനോടുള്ള അനീതി കാണിക്കുന്നത് ശരിയാണോ?,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കെജ്രിവാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
ഓട്ടോഇമ്യൂണ്‍ ഡിസോഡര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്നീ അസുഖങ്ങളുള്ള തന്റെ ഭാര്യയെ കാണാന്‍ അഞ്ചു ദിവസത്തേക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് സിസോദിയ കോടതിയെ സമീപിച്ചത്.
മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സിസോദിയക്ക് വീട്ടിലെത്തി ഭാര്യയെ കാണാൻ ഡൽഹി കോടതി ശനിയാഴ്ച അനുമതി നൽകിയിരുന്നു. ഡൽഹിയിലെ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയക്ക് ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഭാര്യയെ കാണാൻ കോടതി അനുമതി നൽകിയത്.
രാവിലെ 10 മണിയോടെയാണ് കനത്ത പൊലീസ് സുരക്ഷയിൽ സിസോദിയ വാനിൽ വന്നിറങ്ങിയത്. ദീപാവലിയായതിനാൽ വീട്ടിലെത്തിയ ഉടൻ സിസോദിയ ദീപങ്ങൾ തെളിയിച്ചു. സിസോദിയയുടെ പ്രതികരണമാരായാൻ മാധ്യമപ്രവർത്തകർ എത്തിയിരുന്നെങ്കിലും കോടതി വിലക്കിയതിനാൽ അവരോട് പ്രതികരിച്ചില്ല.
സന്ദർശനത്തിനിടെ മറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങൾ പാടില്ലെന്നും കോടതി നിർദേശമുണ്ട്. മുമ്പും ഭാര്യയെ കാണാൻ സിസോദിയയെ അനുവദിച്ചിരുന്നു. എന്നാൽ സിസോദിയ എത്തുംമുമ്പേ ആരോഗ്യനില വഷളായ സീമയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാൽ കാണാനായില്ല.
മദ്യനയ അഴിമതിക്കേസിൽ ഫെബ്രുവരിയിലാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിസോദിയ സമർപ്പിച്ച എല്ലാ ജാമ്യ ഹർജിയും തള്ളിയിരുന്നു. ഇനി മൂന്ന് മാസത്തിന് ശേഷം സിസോദിയക്ക് ജാമ്യത്തിനായി ഹരജി നൽകാൻ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.