വിവാഹ മോചനം നേടി തിരിച്ചെത്തിയ മകളെ ‘ബറാത്’ നടത്തി സ്വീകരിച്ച് പിതാവ്; കൈയടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യയിലെ വിവാഹങ്ങൾ നിറങ്ങളും സംഗീതവും സന്തോഷവും നിറഞ്ഞതാണ്. സാമ്പ്രദായികമായ പല രീതികളും ചടങ്ങുകളും ഇന്ത്യൻ വിവാഹ വേദികളിൽ അരങ്ങേറാറുണ്ട്. അത്തരത്തിലൊരു ചടങ്ങാണ് ബറാത്. വരന്റെ ആഘോഷമായ ഘോഷയാത്രയാണിത്. തത്സമയ സംഗീതവും നൃത്തവും ഉൾപ്പെടുന്ന ഒരു ആചാരം. മിക്ക ഉത്തരേന്ത്യൻ വിവാഹങ്ങളുടെയും പ്രധാന ചടങ്ങുകൂടിയാണിത്. ജീവിതത്തിൽ ഒരു പുതിയ യാത്ര തുടങ്ങുന്നതിന്റെ ആവേശവും സന്തോഷവുമാണ് ബറാത് സൂചിപ്പിക്കുന്നത്.

എന്നാൽ ദമ്പതികൾ വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്യുമ്പോൾ, അവിടെ സന്തോഷമല്ല, ദുഃഖമാണ്. അടുത്തിടെ, വിവാഹമോചനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന മകൾക്കായി ഒരു ‘ബറാത്ത്’ സംഘടിപ്പിച്ച് ഒരു പിതാവ് ഈ വാർപ്പ്മാതൃക തകർത്തിരിക്കുകയാണ്. ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ ചെയ്ത തെറ്റുമൂലം മകൾ തിരിച്ചെത്തുമ്പോൾ മകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്ന് പറഞ്ഞ ഇദ്ദേഹം മകൾക്ക് പൂർണ പിന്തുണയും നൽകി.

ഇതിന്റെ വീഡിയോ പിതാവ് തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. “നിങ്ങളുടെ മകളുടെ വിവാഹം വളരെ ആഡംബരത്തോടെയും ആർഭാടത്തോടെയും നടത്തുമ്പോൾ, ഭർത്താവും കുടുംബവും തെറ്റായി മാറുകയോ തെറ്റായ കാര്യങ്ങൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ മകളെ മാന്യമായും എല്ലാ ബഹുമാനത്തോടെയും നിങ്ങളുടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം എന്ന കാര്യവും ഓർമിക്കണം. കാരണം പെൺമക്കൾ വളരെ വിലപ്പെട്ടവരാണ്,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പ്രേം ഗുപ്ത കുറിച്ചത്.

വീഡിയോയിൽ, കുടുംബാംഗങ്ങൾ യുവതിക്കൊപ്പം ചേർന്ന് പടക്കം പൊട്ടിക്കുന്നത് കാണാം. അവർ കൈകൊട്ടുന്നതും സ്ത്രീകളിൽ ഒരാൾ മകളെ കെട്ടിപ്പിടിക്കുന്നതും കാണാം. കുടുംബം മുഴുവൻ തെരുവിലൂടെ ആസ്വദിച്ച് ഒരു ബറാത്ത് പോലെ നീങ്ങുന്നുണ്ട്.

നിരവധി പേരാണ് യുവതിയേയും കുടുംബത്തേയും പിതാവിനെയും പിന്തുണച്ചുകൊണ്ടും അഭിനന്ദനമറിയിച്ചും രംഗത്തെത്തിയിരിക്കുന്നത്.