ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ആറംഗ സംഘം

ന്യൂഡല്‍ഹി: കാനഡയിൽ ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന് യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിജ്ജാറിന്റെ ശരീരത്തിൽ 34 വെടിയുണ്ടകള്‍ പതിച്ചിരുന്നു. രണ്ടു വാഹനങ്ങളിലായാണ് അക്രമികള്‍ എത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽനിന്നും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. .

ജൂണ്‍ 18നായിരുന്നു സംഭവം . ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലുള്ള ഗുരു നാനാക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്തു വച്ചാണ് കൊലപാതകം നടന്നത്. പുറത്തെ സുരക്ഷാ ക്യാമറകളില്ആ‍ ക്രമണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ആക്രമണത്തിനായി രണ്ട് വാഹനങ്ങളിലായാണ് ആറംഗ സംഘം എത്തിയത്. അക്രമികള്‍ അന്‍പതോളം തവണ വെടിയുതിർത്തതായും 34 വെടിയുണ്ടകള്‍ നിജ്ജാറിന്റെ ശരീരത്തില്‍ പതിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

“90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നിജ്ജാറിന്റെ ചാരനിറത്തിലുള്ള പിക്കപ്പ് ട്രക്ക് പാർക്കിങ് സ്ഥലത്തുനിന്ന് പുറത്തേക്ക് വരുന്നതായി കാണാം. ഉടന്‍തന്നെ ട്രക്കിനെ വെള്ള നിറത്തിലുള്ള സെഡാൻ കാർ പിന്തുടർന്നു. ഈ സമയം, മുഖംമൂടി ധരിച്ച രണ്ട് പേർ വെയിറ്റിങ് ഏരിയയില്‍നിന്ന് പുറത്തുവരുന്നതും ട്രക്കിനുനേരെ നീങ്ങുന്നതും വ്യക്തമാണ്. ഡ്രൈവർ സീറ്റിലേക്ക് ഇവർ വെടിയുതിർക്കുമ്പോൾ, സെഡാന്‍ പാർക്കിങ്ങ് ഏരിയയിൽനിന്ന് പുറത്തേക്ക് നീങ്ങി. പിന്നീട് അക്രമികൾ ഓടുന്നതാണ് ദൃശ്യത്തിൽ കാണുന്നത്,” റിപ്പോർട്ടിൽ പറയുന്നു.

ഗുരുദ്വാരയിലെ സന്നദ്ധ പ്രവർത്തകനായ ഭൂപീന്ദർജിത് സിങ്ങാണ് നിജ്ജാറിനെ ട്രക്കിൽ അവശനിലയിൽ ആദ്യം കണ്ടത്. ഡ്രൈവറുടെ വശത്തെ ഡോർ തുറന്ന് നിജ്ജാറിനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ശ്വാസം നിലച്ചിരുന്നുവെന്ന് ഭൂപീന്ദർജിത് വാഷിങ്‌ ടൺ പോസ്റ്റിനോട് പറഞ്ഞു.

മുഖംമൂടി ധരിച്ച രണ്ട് പേർ സമീപത്തെ കൂഗർ ക്രീക്ക് പാർക്കിലേക്ക് ഓടുന്നത് കണ്ടതായി ഗുരുദ്വാര കമ്മിറ്റിയിലെ മറ്റൊരു അംഗം മാൽകിത് സിങ്ങും പറഞ്ഞു. സിഖ് രീതിയിലുള്ള വസ്ത്രധാരണമായിരുന്നു ഇരുവർക്കുമെന്നും വെള്ള കാറിൽ കയറി രക്ഷപെട്ടതായും അദ്ദേഹം പറഞ്ഞു. കാറിൽ മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടന്ന് 20 മിനിറ്റിന് ശേഷമാണ് പോലീസ് എത്തിയതെന്നും പ്രദേശവാസികളോട് പോലീസ് ഒന്നും സംസാരിച്ചില്ലെന്നും മറ്റ് നടപടിക്രമങ്ങള്‍ വൈകിയെന്ന് ജനങ്ങള്‍ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

നാൽപ്പത്തി അഞ്ചുകാരനായ നിജ്ജാറിനെ 2020ല്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ ഉലച്ചിൽ ശക്തമായി തുടരുകയാണ്. ഇതിനിടയിലും, ഇന്ത്യയുമായുള്ള ബന്ധം ക്യാനഡയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണെന്നും അന്വേഷണം നിയമത്തിന്റെ വഴിക്ക് പോകുമെന്നും നയം വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ രംഗത്തെത്തിയിരുന്നു.

എന്നാൽ, ഇന്ത്യക്കാർക്കെതിരെ വ്യാപക ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കാനഡ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

More Stories from this section

family-dental
witywide