ഫ്ളോറിഡ: ഇഡാലിയ ചുഴലിക്കാറ്റ് ബുധനാഴ്ച പുലർച്ചെയാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി ഫ്ലോറിഡയിലെ ഗൾഫ് തീരം തൊട്ടത്. സിഎൻഎൻ റിപ്പോർട്ട് പ്രകാരം 125 വർഷത്തിനിടെ ഈ മേഖലയിൽ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കര തൊട്ട ചുഴലിക്കാറ്റ് ദക്ഷിണ ജോർജിയയിലേക്ക് നീങ്ങിയപ്പോൾ ഫ്ലോറിഡയിലുടനീളം വെള്ളപ്പൊക്കം സൃഷ്ടിക്കുകയും റോഡുകൾ വെള്ളക്കെട്ടുകളായി മാറുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് ഫ്ലോറിഡ, ജോർജിയ, സൗത്ത് കരോലിന എന്നിവിടങ്ങളിലായി 400,000 ആളുകൾക്ക് വൈദ്യുതി മുടങ്ങിയതായി സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.
ക്ലിയർവാട്ടർ പോലീസ് ഡിപ്പാർട്ട്‌മെന്റ് എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്ത ക്ലിപ്പുകളിലൊന്നിൽ, റോഡിലെ വെള്ളക്കെട്ടിലൂടെ പൊലീസുകാർ സ്പീഡ് ബോട്ടിൽ സഞ്ചരിക്കുന്നത് കാണാം.
ചാൾസ്റ്റൺ കൗണ്ടി ഷെരീഫ് ഓഫിസും വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പ്രദേശത്തു താമസിക്കുന്നവർ വീട്ടിൽ തന്നെ തുടരാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വെള്ളപ്പൊക്കത്തെത്തുടർന്ന് നിരവധി റോഡുകൾ അടഞ്ഞുകിടക്കുകയും കാറുകൾ പാതി വെള്ളത്തിലാകുകയും ചെയ്തു. നാഷണൽ വെതർ സർവീസിന്റെ (NWS) ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം വ്യാഴാഴ്ച നോർത്ത് കരോലിനയിലെ സ്റ്റോം സർജ് വാച്ച് ഏരിയകളിലും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നു.
നിലവിൽ ഇഡാലിയ ഉഷ്ണമേഖലാ കൊടുങ്കാറ്റായി ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും, 10 ഇഞ്ച് (25 സെന്റീമീറ്റർ) വരെ മഴ പെയ്യുകയും തീരദേശ സമൂഹങ്ങളിൽ ജീവന് ഭീഷണിയാകുന്ന തരത്തിൽ കൊടുങ്കാറ്റ് കുതിച്ചുയരുകയും ചെയ്തതായി അധികൃതർ പറഞ്ഞു.