‘ഇരട്ടിയുടെ ഇരട്ടി ലഭിച്ചു’; ജയിലറിന് കിട്ടിയ പ്രതിഫലം 35 ലക്ഷമല്ലെന്ന് വിനായകൻ

‘ജയിലറി’ൽ 35 ലക്ഷം രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് വിനായകൻ. അതിന്റെ ഇരട്ടിയുടെ ഇരട്ടി തുക പ്രതിഫലമായി ലഭിച്ചെന്നും ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ നിന്നു കിട്ടിയെന്നും വിനായകൻ പറഞ്ഞു. സാർക്ക് ലൈവ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം, നിർമാതാവ് അതൊന്നും േകൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവർ എനിക്കു തന്നു. സെറ്റിൽ എന്നെ പൊന്നുപോലെ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ എനിക്കു ലഭിച്ചു.

വർമൻ എന്ന കഥാപാത്രമായി ഒരു വർഷത്തോളം നിൽക്കേണ്ടി വന്നു. ഇത്രയും സ്ട്രെച്ച് ചെയ്ത് ഒരു കഥാപാത്രവും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ഹോൾഡ് ചെയ്യുമ്പോൾ കുറച്ച് പ്രശ്നങ്ങളുണ്ടാകും. ഇതിനിടയിൽ ക്യാപ്റ്റൻ മില്ലർ എന്നൊരു ചിത്രം വന്നു. പക്ഷേ ജയിലർ ഉണ്ടായതുകാരണം കരാർ ഒപ്പിട്ടില്ല.

ഇപ്പോൾ ഞാൻ െസലക്ടിവ് ആണ്. ജയിലർ പോലൊരു വലിയ സിനിമ കഴിഞ്ഞു നിൽക്കുകയാണ്. അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.

രാഷ്ട്രീയം ഇഷ്ടമാണ്. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാൻ. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രം. എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാർട്ടി അംഗങ്ങളാണ്. എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ് ആണ്.

പുറത്തിറങ്ങി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റില്ല. എനിക്കു പറയേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പറയാറുണ്ട്. അത് എത്തേണ്ടടത്ത് എത്തിക്കഴിഞ്ഞാൽ ഞാൻ അത് മാറ്റിക്കളയും. ചിലർ പറയും പിൻവലിച്ചു എന്ന്. അത് പിൻവലിക്കുന്നതല്ല, കുറച്ച് അഴക്കു കിടക്കുന്നത് മാറ്റുന്നതാണ്.’’–വിനായകൻ പറഞ്ഞു.

More Stories from this section

family-dental
witywide