‘ഈ അവസ്ഥയിലേക്ക് എത്തിച്ചതിന് നന്ദി’; ഖേല്‍രത്‌ന-അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചുനല്‍കാൻ വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്നറിയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം വിഗ്നേഷ് ഫോഗട്ട് അറിയിച്ചത്.

പ്രതിഷേധത്തിന്റ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്മശ്രീ തിരികെ നൽകിയ ബജ്‌രംഗ് പുനിയ എന്നിവർക്കു പിന്തുണയുമായാണ് വിനേഷ് രംഗത്തെത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് തവണ സ്വർണം നേടിയ താരത്തിന് 2016ലാണ് അർജുന അവാർഡ് ലഭിച്ചത്. 2020ൽ ഖേൽരത്‌നയും സമ്മാനിച്ചു.

“എന്റെ മേജർ ധ്യാൻചന്ദ് ഖേൽരത്‌നയും അർജുന അവാർഡും തിരികെ നൽകുന്നു. ഈ അവസ്ഥയിലേക്ക് ഞങ്ങളെ എത്തിച്ചതിന് സർവശക്തന് ഒരുപാട് നന്ദി,” എന്ന കുറിപ്പോടെയുള്ള കത്ത് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.

പ്രതിഷേധങ്ങൾ കനത്തതോടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. സമിതിയിലെ 15 അംഗങ്ങളിൽ 13 പേരും ബ്രിജ്ഭൂഷണിന്റെ അനുയായികളാണ്.

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഈ മാസം 21നു തിരഞ്ഞെടുത്തിരുന്നു. ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും ചെയ്തത്.

More Stories from this section

family-dental
witywide