‘ഇന്ത്യ ശത്രു രാജ്യം’; വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇസ്‌ലാമാബാദ്∙ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തിയതിനു പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). പിസിബി മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സൻ സാക്ക അഷ്‌റഫ് നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

പാക്കിസ്ഥാൻ താരങ്ങൾ ‘ദുഷ്മൻ മുൾക്കി’ലേക്ക്’ (ശത്രു രാജ്യം) പോകുന്നു എന്നായിരുന്നു സാക്കയുടെ വാക്കുകൾ. കളിക്കാർക്കായുള്ള പിസിബിയുടെ പുതിയ കരാറുകളെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുന്നതിനിടെയായിരുന്നു സാക്കയുടെ പ്രസ്താവന.

‘‘ഞങ്ങൾ കളിക്കാർക്ക് ഈ കരാറുകൾ നൽകിയത് സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ്. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇത്രയും തുക കളിക്കാർക്ക് നൽകിയിട്ടില്ല. അവർ മത്സരങ്ങൾക്കായി ശത്രു രാജ്യങ്ങളിലേക്ക് പോകുന്നതിനാൽ കളിക്കാരുടെ മനോവീര്യം ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യം.’’– സാക്ക അഷ്റഫ് പ്രസംഗത്തിൽ പറഞ്ഞു.

വർഷങ്ങൾക്കുശേഷം ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ താരങ്ങൾക്കു വൻ വരവേൽപാണ് ലഭിച്ചത്. ഇതിനിടെയാണ് പിസിബി അധ്യക്ഷന്റെ ഇത്തരത്തിലുള്ള പ്രസ്താവന. സാക്കയുടെ വാക്കുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുണ്ട്. പാക്ക് പൗരന്മാർ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തി. പിസിബി അധ്യക്ഷന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നാണ് പലരും വിശേഷിപ്പിച്ചത്. ഇന്ത്യ ഞങ്ങളുടെ ശത്രുവല്ലെന്നും പലരും ചൂണ്ടിക്കാട്ടി.

ഹൈദരാബാദിലെത്തിയ പാക്കിസ്ഥാൻ ടീം, ആദ്യ സന്നാഹ മത്സരത്തിൽ വെള്ളിയാഴ്ച ന്യൂസീലൻഡിനെ നേരിടും. ഒക്ടോബർ 3ന് ഓസ്ട്രേലിയയ്‌ക്കെതിരെയാണ് അടുത്ത സന്നാഹ മത്സരം. ആറിനു നെതർലൻഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം.