പ്രചരണത്തില്‍ തിളങ്ങി രാമസ്വാമി, ആദ്യ മണിക്കൂറില്‍ കിട്ടിയത് $4.5 ലക്ഷം

ന്യൂയോര്‍ക്: ട്രംപിനെതിരായ കേസുകളും വിവാദങ്ങളും ഒരു വശത്ത് നിറയുമ്പോള്‍ മറുവശം വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ്. ഇന്ത്യക്കാരാകെ ആകാംഷയോടെ നോക്കുന്നത് വിവേക് രാമസ്വാമിയുടെ പ്രകടനം തന്നെയാണ്. റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ അഭിപ്രായങ്ങളോട് വലിയ വിയോജിപ്പുകളും ഉയരുന്നുണ്ട്. റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റിന് ശേഷം രാമസ്വാമിയുടെ അഭിപ്രായങ്ങളോട് വിജോയിപ്പ് രേഖപ്പെടുത്തിയുള്ള നിരവധി പ്രസ്താവനകള്‍ വന്നു. എങ്കിലും വീറും വാശിയും ഒട്ടും കുറയാതെയുള്ള ആവേശപ്പോരാട്ടത്തില്‍ തന്നെയാണ് രാമസ്വാമി

അയോവയില്‍ ഡിമോയിനടുത്തുള്ള ചെറിയ നഗരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രചരണം. ഈ രാജ്യത്ത് നിങ്ങള്‍ മുന്നോട്ടുപോകുന്നത് തൊലിയുടെ നിറം കൊണ്ടല്ല, മറിച്ച് അമേരിക്കയില്‍ ജീവിക്കുന്നവരുടെ സ്വഭാവവും രാജ്യത്തോട് കാട്ടുന്ന സേവന മനോഭാവവും കൊണ്ടാണ് തുടങ്ങിയ ആവേശകരമായ പ്രസംഗമാണ് രാമസ്വാമി നടത്തുന്നത്. പ്രചരണരംഗത്ത് രാമസ്വാമി മുന്നേറുമ്പോള്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തുന്നത് വന്‍തുകകളാണ്. ഡിബേറ്റിന് ശേഷമുള്ള ആദ്യ ഒരു മണിക്കൂറില്‍ എത്തിയത് 4,50,000 ഡോളറാണ്.

അതേസമയം രാമസ്വാമിയുടെ പ്രചരണത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് ചില മുഖ്യധാര മാധ്യമങ്ങള്‍ പോലും കാട്ടുന്നതെന്ന് വിമര്‍ശനങ്ങളാണ് ശക്തമാണ്. രാമസ്വാമിയെ പോലെ പ്രചരണ രംഗത്ത് ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും തരംഗമാകുന്നുണ്ട്.

തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ട്രംപിന്റെ കടന്നുവരവില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തുന്ന തുകയില്‍ വലിയൊരു ശതമാനവും അദ്ദേഹത്തിന്റെ കേസുകളുടെ നടത്തിപ്പിനായി ചിലവഴിക്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.