‘ഇനിയൊന്നു റിലാക്സ് ചെയ്യാം’; പ്രസിഡൻഷ്യൽ ഡിബേറ്റിന് ശേഷം സർഫിങ് പഠിക്കുന്ന വിവേക് രാമസ്വാമി

വാഷിങ്ടൺ: 2024-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപബ്ലിക്കന്‍ പാർട്ടിയുടെ മൂന്നാം സംവാദത്തിനു ശേഷം സർഫിങ് പഠിക്കുകയാണ് സ്ഥാനാർഥി വിവേക് രാമസ്വാമി. സർഫിങ് പഠിക്കുന്ന തന്റെ വീഡിയോ അദ്ദേഹം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. സംവാദത്തിന് ശേഷം മിയാമിയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കാസ് സോയറിനൊപ്പം രാമസ്വാമി പുറത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം.

“എങ്ങനെ സർഫ് ചെയ്യണമെന്ന് ഭാവി പ്രസിഡന്റിനെ പഠിപ്പിക്കുന്നു”, സോയർ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.

ഇതുവരെ സർഫ് ചെയ്യാത്ത രാമസ്വാമി, ബോർഡിൽ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഒന്നുരണ്ടു തവണ വീഴുന്നതായി കാണാം. എന്നാൽ കുറച്ച് ശ്രമങ്ങൾക്ക് ശേഷം, അദ്ദേഹം തിരമാലകൾക്കു മുകളിലൂടെ വിദഗ്ധമായി സർഫ് ചെയ്യുന്നത് കാണാൻ കഴിയും.

അതിനു ശേഷം തന്റെ ബിസിനസ് സ്യൂട്ടിൽ സർഫ് ചെയ്യാൻ സോയർ വിവേക് രാമസ്വാമിയെ വെല്ലുവിളിക്കുന്നു. സോയറിന്റെ വെല്ലുവിളി ഏറ്റെടുത്ത രാമസ്വാമി ബിസിനസ് സ്യൂട്ട് ധരിച്ചുകൊണ്ട് സർഫ് ചെയ്യുന്നതും കാണാം.