തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച നടക്കുന്ന തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ചടങ്ങിലേക്ക് ലത്തീന്‍സഭാ പ്രതിനിധികളെ എത്തിക്കാനുള്ള നീക്കം ശക്തമാക്കി സര്‍ക്കാര്‍. സിപോര്‍ട്ട് എംഡി അദീല അബ്ദുള്ള നേരിട്ട് പോയാണ് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയെ ക്ഷണിച്ചത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിലെ അസൗകര്യം ആര്‍ച്ച് ബിഷപ്പ് അറിയിച്ചതായാണ് സൂചന.
അനുനയനീക്കത്തിന്റെ ഭാഗമായി വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തിയിരുന്നു. തങ്ങളാവശ്യപ്പെട്ട മിക്ക കാര്യങ്ങളോടും മന്ത്രി സജി ചെറിയാന്‍ പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് ഇടവക പ്രതിനിധികള്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ ഉടന്‍ പാലിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരമായി നേരത്തേ ഒരാള്‍ക്ക് 82,440 രൂപയായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ സഭാ പ്രതിനിധികളും തൊഴിലാളികളും അത് സമ്മതിക്കാതെ വന്നതോടെ നഷ്ട പരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരാള്‍ക്ക് 4.22 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് പുതിയ ഉത്തരവ്. ജോലി നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.