![](https://www.nrireporter.com/wp-content/uploads/2023/10/VIZHINJAM-SEAPORT.jpg)
തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ എത്തി. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിച്ചത്. ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥി ആയി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം ഇടവക വികാരി മോണ്‍. നിക്കോളസ് മന്ത്രിമാര്‍ക്ക് ഒപ്പം തുറമുഖം ബെര്‍ത്ത് സന്ദര്‍ശിച്ചു. എന്നാല്‍ ലത്തീന്‍ സഭ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
കപ്പല്‍ രണ്ടു ദിവസം മുന്‍പ് ബെര്‍ത്തില്‍ അടുത്തതാണെങ്കിലും സ്വീകരണ പരിപാടിക്കായി ഇന്ന് വീണ്ടും ബെര്‍ത്ത് ചെയ്തു. ആദ്യ ചരക്കു കപ്പല്‍ എത്തുമ്പോള്‍ ക്യാപ്റ്റനു മൊമന്റോ നല്‍കി സ്വീകരിക്കുന്ന ചടങ്ങ് 12നു നടന്നിരുന്നു. നിര്‍മാണഘട്ടത്തിലുള്ള തുറമുഖമായതിനാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല.
അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് ഏറ്റവുമുടുത്തുള്ള ഇന്ത്യയിലെ ഏറ്റവും ആഴമുള്ള തുറമുഖം എന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായി ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെന്‍ഹുവ പുറംകടലില്‍ എത്തിയിട്ടുണ്ട്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളിനില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമകസ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ എത്തിച്ചിരിക്കുന്നത്. നാളെ മുതല്‍ ക്രെയിന്‍ കപ്പലില്‍ നിന്നിറക്കി ബെര്‍ത്തില്‍ സ്ഥാപിക്കും. 20ന് കപ്പല്‍ തിരിച്ചു പോകും. ക്രെയിനുകളുമായി അടുത്ത കപ്പല്‍ ചൈനയില്‍നിന്ന് നവംബര്‍ 15നു പുറപ്പെടും.
എട്ട് സൂപ്പര്‍ പോസ്റ്റ് പനാമക്‌സ് ക്രെയിനുകളും 32 ഷോര്‍ ക്രെയിനുകളുമാണ് തുറമുഖ നിര്‍മാണത്തിന് ആവശ്യം. ഇതിനാവശ്യമായ ക്രെയിനുകളുമായി കൂടുതല്‍ കപ്പലുകള്‍ വൈകാതെ തുറമുഖത്തെത്തും.
വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത് അനന്ത സാധ്യത തുറക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബായ്, സിംഗപ്പുർ, കൊളംബോ എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്‌നർ വ്യവസായം ഇനി കേരളത്തെ ആശ്രയിക്കും.
തുറമുഖത്തിനു പിന്നാലെ വെയർ ഹൗസുകൾ, കണ്ടെയ്‌നർ പാർക്കുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ എന്നിവയും വരും. പല വൻകിട കമ്പനികളും നിക്ഷേപസാധ്യതകൾ തേടി ഇതിനകം സംസ്ഥാനത്ത് എത്തി. വിഴിഞ്ഞം കേന്ദ്രീകരിച്ച് പുതിയ ടൗൺഷിപ്പ് ഉയരും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയിൽ വൻ പുരോഗതിയുണ്ടാക്കും. തിരുവനന്തപുരത്തും കന്യാകുമാരിയിലും ഭക്ഷ്യസംസ്കരണം, വ്യവസായശാലകൾ തുടങ്ങിയ തുറമുഖ അധിഷ്‌ഠിത വ്യവസായങ്ങൾ വരും.
കേന്ദ്രമന്ത്രി വി. മുരളീധരൻ, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂര്‍ എംപി തുടങ്ങിയവരും സ്വീകരണത്തിൽ പങ്കെടുത്തു.
vizhinjam sea port official inaugural docking of the first vessel took place