ഓക്ക്ലാന്‍ഡിലെ മെറിറ്റ് തടാകത്തില്‍ സ്യൂട്ട്‌കേയ്‌സിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

ഹാലോവീനില്‍ കാലിഫോര്‍ണിയയില്‍ തടാകം വൃത്തിയാക്കുന്നതിനിടെ സന്നദ്ധപ്രവര്‍ത്തകര്‍, സ്യൂട്ട്‌കേസിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പതിവ് ശുചീകരണത്തിനിടെ രാവിലെ 11 മണിയോടെയാണ് ഓക്ക്ലാന്‍ഡിലെ മെറിറ്റ് തടാകത്തിന്റെ ഒരരികിലായി സന്നദ്ധ പ്രവര്‍ത്തകര്‍ സ്യൂട്ട്‌കേയ്‌സ് കണ്ടത്. ചെറിയ വല ഉപയോഗിച്ച് സ്യൂട്ട്‌കേയ്‌സ് കരയിലേക്ക് വലിച്ചടുപ്പിച്ചതായി സന്നദ്ധപ്രവര്‍ത്തകന്‍ കെവിന്‍ ഷോമോ മാധ്യമങ്ങളോട് പറഞ്ഞു.

ഒരറ്റം പിടിച്ചു വലിച്ചപ്പോള്‍ തന്നെ സ്യൂട്ട്‌കേയ്‌സില്‍ ഭാരമുള്ളതെന്തോ ഉണ്ടെന്ന് മനസ്സിലായിരുന്നു. കരക്കടുപ്പിച്ച ശേഷം സ്യൂട്ട് കേയ്‌സ് തുറന്നു നോക്കിയപ്പോള്‍ അതിനകത്ത് ഒരു മനുഷ്യന്റെ മൃതദേഹം കണ്ട് ഞെട്ടിപ്പോയെന്നും കെവിന്‍ ഷോമോ പറഞ്ഞു. മുപ്പത് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മൃതദേഹമാണ് കണ്ടതെന്നും കെവിന്‍ പറഞ്ഞു.

സ്യൂട്ട്കേസ് എപ്പോഴാണ് തടാകത്തില്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ലെന്ന് ഓക്ലാന്‍ഡ് പോലീസ് ക്യാപ്റ്റന്‍ അലന്‍ യു സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തടാകത്തിന്റെ അരികില്‍ നിന്ന് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. മൃതദേഹം മുപ്പത് വയസ്സുള്ള ഒരാളുടേതാണെന്ന് ദൃക്സാക്ഷി പറഞ്ഞു. അന്വേഷണം നടക്കുകയാണ്. മൃതദേഹം തേു ഭാഗത്ത് നിന്നാണ് ഒഴുകിയെത്തിയതെന്നാണ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും സാധ്യമായ എല്ലാ രീതിയിലും അന്വേഷണം നടത്തുകയാണെന്നും അലന്‍ യു കെടിവിയുവിനോട് പറഞ്ഞു.

കൊലപാതക കേസായാണ് അന്വേഷിക്കുന്നത്. കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആരുടെയെങ്കിലും രൂപസാദൃശ്യം കൊല്ലപ്പെട്ടയാള്‍ക്കുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം ഇത്രയേറെ ജനത്തിരക്കുള്ള ഒരു സ്ഥലത്ത് ഒരു കൊലപാതകം നടക്കുകയും മൃതദേഹം ഉപോക്ഷിപ്പക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

Volunteers cleaning up California lake find murdered man stuffed in suitcase