പത്തനംതിട്ട: ഗതാഗതക്കുരുക്കില്‍ പെട്ട് മണിക്കൂറുകളോളം പമ്പാ പാതയില്‍ തടഞ്ഞിട്ടിരുന്ന ശബരിമല തീര്‍ഥാടക വാഹനത്തിലുണ്ടായിരുന്ന ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് പെരുമ്പാളൂര്‍ സ്വദേശി പെരിയസ്വാമി (53) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. തിരക്ക് കാരണം മണിക്കൂറുകളോളം പമ്പാ പാതയില്‍ വാഹനം തടഞ്ഞിട്ടതോടെയാണ് പെരിയസ്വാമിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇദ്ദേഹം ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയുമായിരുന്നു. പെരുനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഭക്തരില്‍ പലരും ശബരിമല ദര്‍ശനം കിട്ടാതെ പന്തളത്ത് നിന്ന് മടങ്ങുകയാണ്. പത്ത് മണിക്കൂറിലേറെ നേരം വഴിയില്‍ കാത്തു നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇങ്ങനെ മടങ്ങുന്നവരില്‍ ഏറെയും.
തിരക്കിനെ തുടര്‍ന്ന് ഇന്നലെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവര്‍ കൂടിയെത്തുന്നതോടെ തിരക്ക് ഇനിയും വര്‍ധിക്കും. അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാന്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതല്‍ ക്യൂവാണ്.