അലന്‍സിയര്‍ നടത്തിയ മറുപടി പ്രസംഗം അങ്ങേയറ്റം നിന്ദ്യം, സ്ത്രീവിരുദ്ധം, അപലപനീയം:ഡബ്ല്യൂസിസി

കൊച്ചി: ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ മറുപടി പ്രസംഗം അങ്ങേയറ്റം നിന്ദ്യവും സ്ത്രീവിരുദ്ധവും അപലപനീയവുമെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി) . സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു നടന്റെ വാക്കുകളെന്നും ഡബ്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരം ‘സെക്‌സിസ്റ്റ്’ പ്രസ്താവനകള്‍ ഇതാദ്യമായല്ല അലന്‍സിയറില്‍ നിന്നുണ്ടാകുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവര്‍ത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതല്‍ ഗൗരവതരമായിക്കണ്ട് ചെറുക്കണം.മാധ്യമങ്ങളും നിരീക്ഷകരുമുള്‍പ്പെടെ പലരും ഇതിനൊരു തിരുത്തല്‍ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലന്‍സിയറുടെ നിലപാടിനെ അങ്ങേയറ്റം അപലപിക്കുന്നു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവില്‍നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവര്‍ത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവഴികള്‍ക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്.’ പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വന്നപ്പോഴായിരുന്നു പെണ്‍കരുത്തുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം നല്‍കണമെന്നുമുള്ള നടന്റെ പരാമര്‍ശം.

പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നിലപാടില്‍ മാറ്റമില്ലെന്നും മാപ്പു പറയില്ലെന്നുമാണ് അലന്‍സിയര്‍ പിന്നീട് പറഞ്ഞത്. അതിനിടയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസും അലന്‍സിയറിനെതിരെ ഇന്ന് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോദ്യത്തിന് ലൈംഗികച്ചുവയോടെ മറുപടി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക പൊലീസിൽ പരാതി നൽകിയത്.

More Stories from this section

family-dental
witywide