തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മുതല്‍ ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധന വകുപ്പ്. ക്ഷേമപെന്‍ഷന്‍ തുക നാലുമാസമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശികയാണ് ഇന്നു മുതല്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്.
ഒരു മാസത്തെ തുക അനുവദിച്ച് വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തെ പെന്‍ഷനുള്ള 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. പെന്‍ഷന്‍ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നും ഈ മാസം 26നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തിയിരുന്നു. നല്‍കാനുള്ള പണം അനുവദിക്കാതെ കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് ധനമന്ത്രി ആരോപിച്ചു. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട് എന്നും ധനമന്ത്രി പറഞ്ഞു.