യുഎസ് സ്റ്റാർട്ടപ്പ് ‘വി വർക്ക്’ പാപ്പർ ഹർജി നൽകി, പിടിച്ചുനിൽക്കാൻ അവസാനശ്രമം നടത്തുന്നു

ന്യൂയോർക്ക് : ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട യുഎസ് സ്റ്റാർട്ടപ്പ് വി വർക്ക് പാപ്പരാകുന്നു. കമ്പനി അടച്ചു പൂട്ടാതെ മൂലധന ക്രമീകരണത്തിലൂടെ കടങ്ങൾ വീട്ടാനുള്ള പാപ്പരത്ത അപേക്ഷ കോടതിയിൽ നൽകി. നഷ്ടത്തിലുള്ള അനേകം സൈറ്റുകൾ ഒഴിവാക്കും. ചില സ്വത്തുകൾ വിറ്റും പുതിയ നിക്ഷേപം സ്വീകരിച്ചും പിടിച്ചു നിൽക്കാനുള്ള അവസാനവട്ട ശ്രമം നടത്തുകയാണ് വി വർക്ക്.

കൊവിഡുകാലമാണ് വി വർക്കിന് വിനയായത്. ആഡം ന്യൂമാൻ്റെ നേതൃത്വത്തിൽ 2010ലാണ് കമ്പനി ആരംഭിച്ചത്. വ്യക്തികൾക്കും കമ്പനികൾക്കും വാടകയ്ക്ക് എടുക്കാനും പങ്കിടാനും കഴിയുന്ന ഓഫിസ് സ്ഥലങ്ങൾ പാട്ടത്തിനു നൽകുക എന്നതായിരുന്നു വി വർക്കിൻ്റെ സേവനം. ആകർഷണീയമായ പാക്കേജുകളുണ്ടായിരുന്നു വി വർക്കിന്. കൊവിഡ് കാലത്ത് വർക് ഫ്രം ഹോം വ്യാപകമായതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്.

ഒരുകാലത്ത് 4700 കോടി ഡോളറിൻ്റെ മൂല്യമുണ്ടായിരുന്നു കമ്പനിക്ക്. ജപ്പാനിലെ ടെക്നോളജി കമ്പനിയായ സോഫ്റ്റ് ബാങ്കായിരുന്നു പ്രധാന നിക്ഷേപകർ. 39 രാജ്യങ്ങളിലായി 777 സൈറ്റുകളുണ്ട് കമ്പനിക്ക്. നിലവിൽ യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ പ്രവർത്തനങ്ങളെ ബാധിക്കും. പക്ഷേ ഇന്ത്യയിലെ ഓഫിസുകളെ ബാധിക്കില്ല എന്ന് വിവർക് ഇന്ത്യ സിഇഒ കരൺ വിർവാനി പറഞ്ഞു. ഇന്ത്യയിലെ 73 ശതമാനം നിക്ഷേപവും ബെംഗലൂരു ആസ്ഥാനമായ എംബസി ഗ്രൂപ് റിയൽ എസ്റ്റേറ്റ് കമ്പനിക്കാണ്. അതുകൊണ്ട് പാപ്പർ അപേക്ഷ ഇന്ത്യയിലെ ഓഫിസുകളെ ബാധിക്കില്ല. നിലവിൽ കമ്പനിയുടെ മൂല്യം 5 കോടി ഡോളറിൽ താഴെയാണ്.

WeWork files for bankruptcy,