വത്തിക്കാന്‍ സിറ്റി: സമൂഹത്തിലെ എല്ലാവര്‍ക്കും കത്തോലിക്ക സഭയില്‍ ഇടം ലഭിക്കും വിധം സഭയില്‍ തിരുത്തലുകള്‍ വേണമെന്ന പ്രഖ്യാപനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത മൂന്നാഴ്ച നീളുന്ന അസാധാരണ സിനഡ് പുരോഗമിക്കുകയാണ്.
വനിതാ പൗരോഹിത്യം, സ്വവര്‍ഗ വിവാഹം, കത്തോലിക്ക സഭയുടെ മതബോധനം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ തീരുമാനം ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സ്കൂളുകള്‍ , ആശുപത്രികള്‍ അടക്കം സഭയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന സ്ത്രീകളെ മുഖ്യസ്ഥാനങ്ങളില്‍നിന്നും ഡീക്കന്‍ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നു എന്നത് വലിയ വിമര്‍ശനമായി ഉയര്‍ന്നു വരുന്നുണ്ട്.
കത്തോലിക്ക സഭയില്‍ നവീകരണത്തിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉല്‍പന്നമാണ് മെത്രാന്‍ സിനഡെന്ന കൂട്ടായ്മ. 1967-ലാണ് മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനം നടന്നത്. തുടര്‍ന്ന് ഇതിനോടകം 15 സാധാരണ സിനഡുകളും 3 അസാധാരണ സിനഡുകളും 11 പ്രത്യേകസിനഡുകളും നടന്നുകഴിഞ്ഞു.
ചുമതലയേറ്റ നാള്‍ മുതല്‍ സഭയെ കാലോചിതമായി പരിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്രതീക്ഷിതമായി അസാധാരണ സിനഡ് വിളിച്ച് ചേര്‍ത്ത് സ്വവര്‍ഗ അനുരാഗികളുടെയും വിവാഹിതരല്ലാതെ കൂടിതാമസം നടത്തുന്നവരുടേയും കാര്യത്തില്‍ പുതിയ നയം വേണമെന്ന പാപ്പയുടെ സമീപനം സഭയെതന്നെ പിടിച്ച് കുലുക്കിയിട്ടുണ്ട്.
മുന്‍വിധികളോടെയല്ല സിനഡ് ചേരുന്നത് എന്ന് സിനഡിൻ്റെ തുടക്കത്തില്‍ വ്യക്തമാക്കിയ മാര്‍പാപ്പ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സഭ എന്ന് 3 തവണ ആവര്‍ത്തിച്ചു.
മാര്‍പാപ്പ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ ദൈവികവും സഭാപരവും എന്നതിനേക്കാള്‍ രാഷ്ട്രീയമാണെന്ന് അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബ്രൂക്ക് വിമര്‍ശിച്ചു. എന്നാല്‍ പുതിയ ലോകം ഇന്നയിക്കുന്ന ചോദ്യങ്ങളെ സഭാ പിതാക്കന്മാര്‍ ഭയപ്പെടേണ്ട എന്ന് മാര്‍പാപ്പ വ്യക്തമാക്കി .