‘എനിക്കൊരു പ്രശ്നം വന്നപ്പോൾ…’, ജയിൽ മോചിതനായ ചന്ദ്രബാബു നായിഡുവിൻ്റെ ആദ്യ പ്രതികരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച വൈകിട്ട് രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി. 53 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രബാബു നായിഡു പുറത്തിറങ്ങിയത്. വലത് കണ്ണിന് തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് 73 കാരനായ മുൻ മുഖ്യമന്ത്രിക്ക് ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.

ടി ഡി പി നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് ജയിൽ മോചിതനായ ചന്ദ്രബാബു നായിഡുവിനെ സ്വീകരിച്ചത്. മുദ്രാവാക്യം വിളിച്ച് പതിനായിരങ്ങളാണ് ജയിൽ പരിസരത്ത് എത്തിയത്. രാജമുണ്ട്രിയിൽ നിന്ന് ഗുണ്ടൂരിലെ താഡേപള്ളിയിലേക്ക് വലിയ ഘോഷയാത്രയായാണ് നായിഡുവിനെ പ്രവർത്തകർ ആനയിച്ചത്.

പ്രവർത്തകരെ അഭിവാദ്യം ചെയ്ത ചന്ദ്രബാബു നായിഡു, ഈ സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും വ്യക്തമാക്കി. താൻൻ പ്രതിസന്ധിഘട്ടത്തിലായിരുന്നപ്പോൾ നിങ്ങൾ കാട്ടിയ സ്നേഹത്തിന് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും നായിഡു പറഞ്ഞു. ‘ജയിലിലായിരുന്നപ്പോൾ നിങ്ങൾ റോഡുകളിൽ വന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചു, എന്നോട് കാണിച്ച സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല, എന്നും ആ നന്ദി ഉണ്ടായിരിക്കും,’ നായിഡു പറഞ്ഞു.

അതേസമയം താത്കാലിക ജാമ്യം ലഭിച്ച നായിഡു സ്ഥിരം ജാമ്യത്തിനായുള്ള നീക്കത്തിലാണ്. സ്ഥിരം ജാമ്യം തേടിയുള്ള നായിഡുവിന്റെ അപേക്ഷയിൽ കോടതി നവംബർ 9 ന് വാദം കേൾക്കും. സെപ്റ്റംബർ 9 നാണ് നായിഡുവിനെ ആന്ധ്ര സി ഐ ഡി അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്. 53 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നായിഡു ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങിയത്.

നായിഡുവിനെതിരെ ഇന്ന് മറ്റൊരു കേസ് കൂടി ആന്ധ്ര സി ഐഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നായിഡുവിൻ്റെ ഭരണകാലത്ത് അനധികൃതമായി മദ്യനിർമാണക്കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചു എന്നാണ് കേസ്. ഇതിൽ നായിഡു മൂന്നാം പ്രതിയാണ്. അഴിമതി നിരോധനനിയമപ്രകാരം തന്നെയാണ് പുതിയ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ തുടർനടപടികൾക്ക് അനുവാദം തേടി സി ഐ ഡി വിഭാഗം കോടതിയെ സമീപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide