വാഷിങ്ടൺ: യുഎസ്. സെൻസസ് ബ്യൂറോയുടെ സമീപകാല ഡാറ്റാ റിലീസ് പ്രകാരം അമേരിക്കയിലെ ജനസംഖ്യയിൽ ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തി. 2023ൽ യുഎസിൽ 1.6 ദശലക്ഷം ആളുകൾ വന്നു ചേർന്നതിൽ 30% ആളുകൾ ടെക്സസിനെ അവരുടെ സംസ്ഥാനമായി തിരഞ്ഞെടുത്തതായി കണക്കുകൾ പറയുന്നു. ഈ വർഷം കോവിഡ് മഹാമാരിക്കു ശേഷം ഉണ്ടായ ഏറ്റവും ഉയർന്ന വർധനയാണിത്.
ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാന തലത്തിൽ, ഈ വർഷം കോവിഡിനു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണ് ഉണ്ടായത്. ദേശീയ തലത്തിൽ, ജനസംഖ്യാ വളർച്ചാ നിരക്ക് 2021ൽ 0.2%, 2022 ൽ 0.4%, 2023 ൽ 0.5% എന്നിങ്ങനെ വർധനവ് രേഖപ്പെടുത്തി.
കുടിയേറ്റം ഇപ്പോഴും ജനസംഖ്യാ വളർച്ചയ്ക്ക് പ്രധാന സംഭാവന നൽകുന്നു. കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങിവരുന്ന കുടിയേറ്റവും മരണങ്ങളുടെ കുറവും രാജ്യത്തിന്റെ വളർച്ചയെ നയിക്കുന്നു, സെൻസസ് ബ്യൂറോയിലെ ജനസംഖ്യാശാസ്ത്രജ്ഞനായ ക്രിസ്റ്റി വൈൽഡർ പറഞ്ഞു.