വാഷിങ്ടൺ: വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന. എക്സിലൂടെയാണ് ആശുപത്രിയുമായുള്ള ബന്ധം നഷ്ടമായ വിവരം ലോകാരോഗ്യ സംഘടന അറിയിച്ചത്.
ആശുപത്രിയെ കുറിച്ച് ഭയാനകമായ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്നവർ പതിനായിരക്കണക്കിനാളുകൾക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇന്ധനം തീർന്നതിനെ തുടർന്ന് കഴിഞ്ഞദിവസം മരിച്ച നവജാതശിശു ഉള്‍പ്പെടെ 40 കുട്ടികളാണ് ഇന്‍കുബേറ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39 കുഞ്ഞുങ്ങളുടെ ആരോഗ്യനില അപകടത്തിലാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍-ഖിദ്ര കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ധനം തീര്‍ന്നതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ഇന്ധമെത്തിക്കാന്‍ വൈകുന്നപക്ഷം ബാക്കിയുള്ള കുഞ്ഞുങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും ആശുപത്രിയിൽനിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. അനങ്ങുന്ന ആരെയും സ്നൈപ്പറുകൾ വെടിവെച്ചിടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അൽ ഖുദ്സ് ഹോസ്പിറ്റൽ ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. 14,000പേർ അഭയംതേടിയിരിക്കുന്ന ആശുപത്രി വളപ്പിലേക്ക് ഏതുനിമിഷവും ടാങ്കുകൾ ഇരച്ചുകയറുമെന്ന അവസ്ഥയാണ്.