‘അഖിലേഷ് യാദവ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’; ലക്നൗവില്‍ പോസ്റ്ററുകള്‍,

ന്യൂഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാണ് രാജ്യത്ത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയുമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നിച്ച് ഇന്ത്യാ സഖ്യം രൂപീകരിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിലെ പ്രധാന കണ്ണിയാണ് അഖിലേഷ് യാദവ്. 

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഇതുവരെ കോണ്‍ഗ്രസിന് ഏറ്റെടുക്കാനായിട്ടില്ല. അ‍ഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ കിട്ടുകയാണെങ്കില്‍ അത് രാഹുല്‍ ഗാന്ധിക്ക് നേട്ടമാകും. ഇന്ത്യാ സഖ്യത്തിന്റെ നേതൃനിരയിലേക്ക് രാഹുലിന് ഉയരാന്‍ അത് സഹായകമാകും. അതിനിടെ ബീഹാറില്‍ നിന്ന് നിതീഷ് കുമാറും നേതൃനിരയിലേക്ക് എത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. അങ്ങനെ ഇന്ത്യാ സഖ്യത്തിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നതില്‍ പിടിവലി തുടരുമ്പോഴാണ് കഴിഞ്ഞ ദിവസം ലക്നൗവിലെ സമാജ് വാദി പാര്‍ടി ഓഫീസിന് മുന്നില്‍ ചില പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററുകളില്‍ അഖിലേഷ് യാദവിന്റെ പടവും ഇന്ത്യയുടെ ഭാവി പ്രധാനന്ത്രി എന്ന എഴുത്തുമായിരുന്നു. രാജ്യത്ത് ഏറ്റവും അധികം ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 ലോക്സഭ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ലോക്സഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ പിടിക്കാന്‍ എസ്.പിക്ക് കഴിഞ്ഞാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ അഖിലേഷിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല. പക്ഷെ, പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന മത്സരത്തില്‍ ഇതുവരെ അഖിലേഷിന്റെ പേര് വന്നിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ലക്നൗവില്‍ ഇപ്പോള്‍ അഖിലേഷ് പ്രധാനമന്ത്രി എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം അഖിലേഷ് യാദവിന്റെ പിറന്നാള്‍ അഘോഷത്തിനിടെ പതിച്ച പോസ്റ്ററാണ് അതെന്നും അത് എസ്.പി (സമാജ് വാദി പാര്‍ടി)യുടെ രാഷ്ട്രീയ നിലപാട് അല്ലെന്നും സമാജ് വാദി പാര്‍ടി കേന്ദ്രങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ കഴിഞ്ഞ ജൂലായ് മാസത്തിലായിരുന്നു അഖിലേഷ് യാദവിന്റെ അമ്പതാം പിറന്നാള്‍. 51-ാം പിറന്നാളിന് ഇനി 2024 ജൂലായ് വരെ കാത്തിരിക്കണം. ഇതേ കുറിച്ചുള്ള ചോദ്യത്തിന് അഖിലേഷിന്റെ പിറന്നാള്‍ രണ്ടും മൂന്നും തവണയായി ആഘോഷിക്കും എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയോട് ഒരു പാര്‍ടി വക്താവ് പ്രതികരിച്ചത്. അഖിലേഷ് പ്രധാനമന്ത്രി എന്ന പോസ്റ്റര്‍ ചര്‍ച്ചയായതോടെ പരിഹാസവുമായി ബി.ജെപി രംഗത്തെത്തി. 

പത്ത് സീറ്റുപോലും ലോക്സഭയിലേക്ക് പിടിക്കാന്‍ ശക്തിയില്ലാത്ത പാര്‍ടിയാണ് സമാജ് വാദി പാര്‍ടിയെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാതെ എങ്ങനെ പ്രധാനമന്ത്രിയാകും എന്നൊക്കെയുള്ള ചോദ്യമാണ് ബിജെപി ഉയര്‍ത്തുന്നു. രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായതോടെ മറുപടിയുമായി അഖിലേഷ് യാദവ് തന്നെ രംഗത്തെത്തി. പോസ്റ്ററുകള്‍ പതിച്ചാല്‍ ആരും പ്രധാനന്ത്രിയാകില്ല എന്നായിരുന്നു അഖിലേഷ് ട്വിറ്ററിലൂടെ കുറിച്ചത്. ശക്തമായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും അഖിലേഷ് യാദവ് പാര്‍ടി പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ അറിവോടെ അല്ല ഇത്തരം പോസ്റ്ററുകള്‍ പതിച്ചതെന്നും അഖിലേഷ് വിശേഷിപ്പിച്ചു.

അഖിലേഷ് യാദവ് പ്രധാനമന്ത്രി എന്ന പോസ്റ്ററിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യുപിയിലെ കോണ്‍ഗ്രസുമായി അത്ര നല്ല ബന്ധത്തിലല്ല അഖിലേഷ് യാദവ് ഇപ്പോള്‍. 2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് സമാജ് വാദി പാര്‍ടി യു.പിയില്‍ മത്സരിച്ചത്. പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും ഇല്ല എന്ന നിലപാടിലാണ് അഖിലേഷ്. കോണ്‍ഗ്രസുമായി നേരിട്ട് രാഷ്ട്രീയ സഖ്യം ഇല്ലെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു.

Who will be the next prime minister of India

More Stories from this section

family-dental
witywide