വീടും സ്ഥലവും കാട്ടാന കയ്യടക്കി; ജീവിക്കാൻ വഴിമുട്ടിയ കർഷകൻ ജീവനൊടുക്കി

കണ്ണൂർ: വന്യമൃഗശല്യം കാരണം രണ്ടര വർഷം മുമ്പ് വീടും കൃഷിയിടവും ഉപേക്ഷിച്ചു പോകേണ്ടി വന്ന കർഷകൻ ജീവനൊടുക്കി. കണ്ണൂർ ഇരിട്ടിക്ക് അടുത്ത് അയ്യൻകുന്ന് , പാലത്തിൻകടവ് , മുടിക്കയം നടുവത്ത് സുബ്രഹ്മണ്യൻ ( സുപ്രൻ- 71) ആണു ജീവൻ അവസാനിപ്പിച്ചത്.

നിറയെ ആദായമുണ്ടായിരുന്ന 2.2 ഏക്കർ സ്ഥലത്ത് പകലുപോലും കാട്ടാന ശല്യം ചെയ്തതിനെ തുടർന്ന് വീടുവിട്ട് വാടക വീട്ടിലേക്ക് മാറേണ്ടി വന്നു. ഇത്രയും സ്ഥലം സ്വന്തമായി ഉള്ളതിനാൽ ഒരു ബിപിഎൽ റേഷൻകാർഡ് പോലും ഇയാൾക്ക് ഇല്ലായിരുന്നു. ലൈഫ് പദ്ധതിയിൽ വീടുകിട്ടാനും ആന എടുത്ത 2.2 ഏക്കർ തടസ്സമായി നിന്നു.

13 വർഷം മുമ്പ് കാൻസർ ബാധിച്ചിരുന്ന സുബ്രഹ്മണ്യന് തുടർച്ചികിൽസയ്ക്കും മറ്റുമായി പണം ആവശ്യമായിരുന്നു. ഇപ്പോൾ തന്നെ 4 ലക്ഷം കടബാധ്യതയുമുണ്ടായിരുന്നു. ഭാഗ്യ കനകമ്മ തൊഴിലുറപ്പിനു പോയി കിട്ടുന്ന തുകയും സുബ്രഹ്മണ്യൻ്റെ ക്ഷേമ പെൻഷനും കൊണ്ടായിരുന്നു ജീവിതം നയിച്ചിരുന്നത്. 3 മാസമായി ക്ഷേമപെൻഷൻ മുടങ്ങിയത് ഇവരുടെ പ്രതിസന്ധി വർധിപ്പിച്ചു.

സ്വന്തം വീട് ഉപയോഗിക്കാനാവത്തതിനാൽ ഇല്ലിക്കക്കുന്നേൽ സിനുവിൻ്റെ വീട്ടുമുറ്റത്താണ് മൃതദേഹം പൊതുദർശനത്തിനു വച്ചത്. കാട്ടാന ശല്യം കാരണം വീടു വിടേണ്ടി വന്ന സുബ്രഹ്മണ്യത്തിന് പ്രദേശവാസിയായ തെക്കേൽ സജിയാണ് വീട് വാടകയ്ക്ക് കൊടുത്തത്. വാടക വാങ്ങിച്ചിരുന്നില്ല.വീട് അറ്റകുറ്റപ്പണിക്കുവേണ്ടി അവിടെനിന്നു മാറേണ്ട സാഹചര്യം ഉടമ സൂചിപ്പിച്ചിരുന്നു. തുടർന്ന് മറ്റൊരു വീട് നാട്ടുകാർ ഇവർക്കായി ക്രമീകരിച്ചിരുന്നു. അടുത്ത മാസം ആ വീട്ടിലേക്ക് മാറാനിരിക്കുകയായിരുന്നു.

സ്വന്തം കൃഷിയിടവും വീടും വിട്ടുപോരേണ്ടി വന്നത് ഇദ്ദേഹത്തിന് വലിയ പ്രയാസമായിരുന്നു. സ്വന്തമായി വീടില്ലാത്തത് ഇദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. കൂടാതെ നിയമക്കുരുക്കുമൂലം എല്ലാ സഹായവും അടയുന്ന സാഹചര്യവുമുണ്ടായി. രോഗത്തിൻ്റെ അവശതകൾ വേറെയും. മൃതദേഹം സംസ്കരിച്ചു. മക്കൾ ; ജ്യോതി, സൌമ്യ . മരുമക്കൾ: ഷാജി, രാജേഷ്.

കഴിഞ്ഞ ദിവസം കണ്ണൂർ കൂട്ടുപറമ്പിനു സമീപം ചിറ്റാറിപ്പറമ്പിൽ ഒരു കൃഷിയിടത്തിൽ കാട്ടാന വന്നു പ്രസവിച്ചതോടെ ആ പ3ദേശത്തു തന്നെ ആർക്കും കയറാൻ പറ്റാത്ത അവസ്ഥ വന്നിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷമാണ് ആനക്കൂട്ടം കാടുകയറിയത്.

wild elephant attacks forced farmer to leave his farmland and later his life

More Stories from this section

family-dental
witywide