‘ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരമുറപ്പ്, രാജസ്ഥാനിലും വിജയത്തിനരികെ’; ബിജെപിയെ നേരിടാൻ സജ്ജമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടി വിജയിക്കുമെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആശ്ചര്യപ്പെടുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്ന് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ കോൺഗ്രസ് പഠിച്ച വളരെ പ്രധാനപ്പെട്ട പാഠത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

“ഇപ്പോൾ, ഞങ്ങൾ തെലങ്കാനയിൽ വിജയിക്കുകയാണെങ്കിൽ തീർച്ചയായും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാനൻ എന്നിവിടങ്ങളും വളരെ അടുത്താണ്. അവിടെയും ഞങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്ന് കരുതുന്നു. ബിജെപിയും ആഭ്യന്തരമായി പറയുന്നത് അതാണ്.”

കർണാടകയിലെ വിജയത്തിൽ നിന്ന് പ്രധാനപ്പെട്ട പല പാഠങ്ങൾ പഠിച്ചുവെന്നും അത് മറ്റുള്ള സംസ്ഥാനങ്ങളിൽ കൂടി നടപ്പിലാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പ്രതിപക്ഷപാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കുന്നു. അറുപത് ശതമാനത്തോളം വരുന്ന ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. 2024-ൽ ബിജെപി ആശ്ചര്യപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഞങ്ങളുടെ ആശയ രൂപീകരണങ്ങളിളെ ശ്രദ്ധ തെറ്റിച്ചിരുന്നു.അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ പഠിച്ചു. കര്‍ണാടകയില്‍, ഞങ്ങള്‍ വ്യക്തമായ കാഴ്ചപ്പാട് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ ആഖ്യാനത്തിന്റെ നിയന്ത്രണത്തിലാണ്. ബിജെപി ഇനി എന്തൊക്കെ ശ്രമിച്ചാലും അതിനെ തകര്‍ക്കാനാകില്ല,” രാഹുൽ പറഞ്ഞു.

പ്രതിപക്ഷ സഖ്യം മാധ്യമങ്ങളുടെ ആക്രമണത്തിനൊപ്പം സാമ്പത്തിക ആക്രമണംകൂടി നേരിടേണ്ടി വരുന്നുവെന്ന് പറഞ്ഞ രാഹുൽ, ഇന്ത്യ എന്ന ആശയത്തെ എതിർക്കുന്ന ഭരണകൂടത്തിനെതിരായിട്ടാണ് പോരാട്ടമെന്നും കൂട്ടിച്ചേർത്തു.

“ഇന്ത്യ സഖ്യത്തെ പിന്തുണക്കുന്നതു കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് രാജ്യത്തെ വ്യവസായികളോട് ചോദിച്ചു നോക്കൂ. ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾക്ക് ചെക്ക് എഴുതി നൽകിയാൽ എന്താണ് സംഭവിക്കുക? ഞങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നത് മാധ്യമങ്ങളുടെ ആക്രമണം മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്. എങ്കിലും ഞങ്ങൾ കാര്യങ്ങൾകൃത്യമായി ചെയ്യുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുമായിട്ടല്ല പോരാട്ടം. ഇന്ത്യ എന്ന ആശയത്തെ എതിർക്കുന്ന ഭരണകൂടത്തിനെതിരായിട്ടാണ് പോരാട്ടം. അതുകൊണ്ടാണ് പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയത്,” രാഹുൽ പറഞ്ഞു.

ഇതിന് മുമ്പ് ഇതേപോലെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞ രാഹുൽ, പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനത്തിൽ ഏറെ മതിപ്പ് ഉണ്ടാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

രാജ്യത്തുള്ളത് സൗഹൃദ കുത്തകയാണെന്നും രാഹുല്‍ പറഞ്ഞു. “നമ്മുടെ രാജ്യത്തെ പ്രധാന വ്യവസായങ്ങളുടെ നിയന്ത്രണം കൈമാറ്റം ചെയ്യപ്പെടുന്ന മിസ്റ്റര്‍ അദാനി എന്ന ഒരു സൗഹൃദ കുത്തകയാണ് ബിജെപി പ്രധാനമായും സൃഷ്ടിച്ചിരിക്കുന്നത്, കൂടാതെ അദ്ദേഹം മാധ്യമങ്ങളുടെ ഒരു പ്രധാന ഭാഗത്തെയും നിയന്ത്രിക്കുന്നു. മറ്റ് കുത്തകകളും ഉണ്ടെങ്കിലും, അദ്ദേഹമാണ പ്രധാനി. അദ്ദേഹം വന്‍തോതില്‍ സമ്പത്ത് ശേഖരിക്കുന്നു, ബിജെപി ഇതില്‍ നിന്ന് ഗണ്യമായ തുക ഉണ്ടാക്കുന്നു. അതിനാല്‍ തന്നെ മാധ്യമങ്ങളിലും സാമ്പത്തിക മേഖലകളിലും അവര്‍ക്ക് നിയന്ത്രണമുണ്ട്. പ്രതിപക്ഷത്തെ പിന്തുണച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് ഏതെങ്കിലും വ്യവസായികളോട് ചോദിച്ചാല്‍ മതി ,”രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide