പാരമ്പര്യ സ്വത്ത് കൈമാറ്റം ചെയ്ത വകയില്‍ 250 കോടിയോളം വിഹിതം ലഭിച്ചയാളെ തൊട്ടടുത്ത ദിവസം കാമുകി കൊലപ്പെടുത്തി. നോര്‍ത്ത് ഡക്കോട്ടയില്‍ 51 -കാരനായ സ്റ്റീവന്‍ റിലേയാണ് കൊല്ലപ്പെട്ടത്. കേസില്‍ റിലേയുടെ കാമുകിയായ ഇന തിയ കെനോയര്‍ അറസ്റ്റിലായി. പാരമ്പര്യ സ്വത്ത് തന്റെ പേരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് അബിഭാഷകനുമായി സംസാരിക്കുന്നതിനിടെയാണ് റിലേയ്ക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കാമുകിയായ ഇന തിയ തന്നെയാണ് 911ല്‍ വിളിച്ച് എമര്‍ജന്‍സി സേവനം ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് റിലേയുടെ മരണമെന്നും കൊലപാതകത്തിനു പിന്നില്‍ കാമുകിയായ ഇന തന്നെയാണെന്നും മനസ്സിലായി. ഭീമമായ തുക കയ്യില്‍ കിട്ടിയതിനു പിന്നാലെ തന്നേയും മകനേയും ഒഴിവാക്കാന്‍ റിലേ ആലോചിച്ചിരുന്നതായി മനസ്സിലായതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
റിലേയും ഇനയും വിവാഹിതരല്ല. എന്നാല്‍ ഒരുമിച്ചാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി ലിവിംഗ് ടുഗദറില്‍ തുടരുന്നതിനാലും മകന്‍ ഉള്ളതിനാലും റിലേയ്ക്ക് കിട്ടിയ സ്വത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ഇന കരുതിയിരുന്നത്. എന്നാല്‍ പാരമ്പര്യ സ്വത്ത് കിട്ടിയതോടെ തന്നെ ഒഴിവാക്കാനാണ് റിലേ ശ്രമിക്കുന്നതെന്ന് മനസ്സിലായതോടെ കാമുകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കേസിന്റെ വിശദാംശങ്ങള്‍ അറിയിച്ച് ഇന അറസ്റ്റിലായ വിവരം മിനോട്ട് പൊലീസ് ഡിപാര്‍ട്‌മെന്റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ‘റെസ്റ്റ് ഇന്‍ പീസ് ഡാഡ്, നിങ്ങള്‍ക്ക് അര്‍ഹിക്കപ്പെട്ട നീതി ലഭിച്ചു’ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു റിലേയുടെ മകന്‍ റയാന്‍ ഡിലേ പൊലീസ് ഡിപാര്‍ട്‌മെന്റിട്ട പോസ്റ്റിന് കമന്റ് ചെയ്തത്.