ലണ്ടൻ: പക്ഷാഘാതം ബാധിച്ചു സംസാരശേഷി നഷ്ടമായ സ്ത്രീ ഡിജിറ്റൽ അവതാറിലൂടെ സംസാരിച്ചു. 18 വർഷത്തിലേറെയായി തളർന്നുകിടക്കുന്ന ആൻ എന്ന നാൽപ്പത്തിയേഴുകാരിയാണ് സംസാരിച്ചത്. ബ്രെയ്ൻ – കംപ്യൂട്ടർ ഇന്റർഫെയ്സസ് (ബിസിഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി മസ്തിഷ്കതരംഗങ്ങൾ വിശകലനം ചെയ്താണു നിർമിതബുദ്ധി സംവിധാനമായ ഡിജിറ്റൽ അവതാറിന് ആനിന്റെ സംസാരവും മുഖഭാവങ്ങളും പകർത്താൻ കഴിഞ്ഞത്.
മസ്തിഷ്കാഘാതം പോലെയുള്ള അസുഖം മൂലം സംസാരശേഷി നഷ്ടമായ രോഗികൾക്കു പ്രതീക്ഷ നൽകുന്നതാണ് ഈ ഗവേഷണവിജയം. നിലവിൽ, കണ്ണുകളുടെ ചലനം കൊണ്ടോ ടൈപ് ചെയ്തോ വാക്കുകൾ സാവധാനം ഉച്ചരിക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത സൗകര്യങ്ങളാണു സംസാരശേഷി നഷ്ടമായവർ ഉപയോഗിക്കുന്നത്. ഇതിലൂടെ സ്വാഭാവികമായ സംസാരം സാധ്യമല്ല.
തലച്ചോറിന്റെ പ്രതലത്തിൽ സ്ഥാപിക്കുന്ന ഇലക്ട്രോഡുകൾ വഴി തരംഗങ്ങൾ നേരിട്ടു സ്വീകരിച്ചാണു ഡിജിറ്റൽ അവതാർ സംസാരിക്കുന്നത്; ഒപ്പം പുഞ്ചിരി, ആശ്ചര്യം, നീരസം പോലുള്ള മുഖഭാവങ്ങളും പ്രകടിപ്പിക്കും.
ആനിന്റെ തലച്ചോറിലെ സംസാരം നിയന്ത്രിക്കുന്ന ഭാഗത്തു കടലാസ് പോലെ നേർത്ത 253 ഇലക്ട്രോഡുകളാണു സ്ഥാപിച്ചത്. 34 ഇനം സ്വരങ്ങളും ചാറ്റ് ജിപിടി ഭാഷാ മാതൃകയും ആശ്രയിച്ചാണു ഡിജിറ്റൽ അവതാർ സംസാരിക്കുക. നിലവിൽ വെബ്സൈറ്റുകളിലും മറ്റും അവതാർ ഉപയോഗിക്കാറുണ്ട്.
‘ഞങ്ങളുടെ ലക്ഷ്യം പൂർണവും സ്വാഭാവികവുമായ ആശയവിനിമയ രീതി സാധ്യമാക്കുകയാണ്’ – കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണം നയിച്ച പ്രഫ. എഡ്‌വേഡ് ചാങ് പറഞ്ഞു. ബിസിഐയുടെ വയർലെസ് വേർഷൻ ഉപയോഗിക്കാനുള്ള ഗവേഷണമാണ് അടുത്തഘട്ടം. ഗവേഷണഫലം ‘നേച്ചറി’ൽ പ്രസിദ്ധീകരിച്ചു.