
തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ. മാണി അറിയിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മസരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യം നേരത്തേ തന്നെ താൻ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജോസ്.കെ. മാണി പറഞ്ഞു. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് ജോസ്. കെ. മാണി. സ്ഥാനാർഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അത് നിർവഹിക്കുകയാണ് ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ ബിജെപി പിന്തുണയോടെ മൽസരിക്കാൻ തയാറെന്ന് പി.സി. ജോർജ് വ്യക്തമാക്കി.
അതേസയമം കേരള കോൺഗ്രസ് നേതാവായ പി.ജെ. ജോസഫിന് എതിരെ മുൻമന്ത്രിയും സിപിഎം നേതാവുമായ എം. എം മണി വീണ്ടും രംഗത്തുവന്നു. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു’ എന്നതു പോലെയാണ് പി.ജെ.ജോസഫിന്റെ കാര്യമെന്ന് മണി പരിഹസിച്ചു.
‘അദ്ദേഹം ഒഴിഞ്ഞുമാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു എന്നപോലെയാണ് കാര്യം. സ്ഥാനങ്ങളിൽ ചെറുപ്പക്കാരെ നിർത്തട്ടെ. എനിക്കിങ്ങനെ പറ്റില്ല. ഇത് എന്റെ അവസാനത്തെ ഏർപ്പാടാ. വയസ് 78 ആയി. ഇനി ചാകുന്നതുവരെ കുത്തി എംഎൽഎയായിരിക്കണോ?. മണി ചോദിച്ചു.
won ‘t contest in Lok Sabha Election says Jose K Mani