ഒരു തീവ്രവാദത്തെയും വച്ചുപൊറുപ്പിക്കില്ല; ഋഷി സുനക്

ന്യൂഡല്‍ഹി: ഖലിസ്ഥാൻ അനുകൂല തീവ്രവാദത്തെ നേരിടാൻ ഇന്ത്യയുമായി ചേർന്നുപ്രവർത്തിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു തരത്തിലുള്ള തീവ്രവാദത്തെയും യുകെ വെച്ചുപൊറുപ്പിക്കില്ലെന്നും ഖലിസ്ഥാനികളുടെ ഭീഷണി അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സുനക് ഊന്നിപ്പറഞ്ഞു.

ഇന്റലിജൻസ്‌ വിവരങ്ങൾ കൈമാറുന്നതിനായി ഇരു രാജ്യങ്ങൾക്കും സംവിധാനങ്ങൾ ഉണ്ടെന്നും ഇത് യുകെയുടെ കൂടെ പ്രശ്നമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്ത്യയുടെ ആശങ്കകൾ ബ്രിട്ടീഷ് സർക്കാരിന് അറിയാമെന്നും യുകെയിലെ ജനങ്ങളെ തീവ്രവാദികളാക്കാനുള്ള ഏതൊരു ശ്രമത്തെയും കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഭാര്യ അക്ഷതാ മൂർത്തിയുമായാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര കരാർ സംബന്ധിച്ചുളള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിൽ ഒരുമിച്ച് പ്രവർത്തിച്ചാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ ബിസിനസ്സുകൾ സൃഷ്ടിക്കാനും ലോകത്തെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ തനിക്ക് വളരെയധികം പ്രിയപ്പെട്ടതാണെന്നും ഇന്ത്യയുടെ മരുമകനെന്നാണ് താൻ അറിയപ്പെടുന്നതെന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപെ ഋഷി സുനക് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.

ബ്രിട്ടനും ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള വ്യാപാരക്കരാറും, കരിങ്കടൽ ധാന്യകയറ്റുമതി കരാറിൽനിന്ന് റഷ്യ പിന്മാറിയത് അടക്കമുള്ള വിഷയങ്ങളും ചർച്ചയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. വ്യക്തമായ നയത്തോടെയാണ് ജി20ക്കായി എത്തുന്നതെന്ന് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലൂടെ സുനക് പ്രതികരിച്ചിരുന്നു. ആഗോള സാമ്പത്തിക മേഖലയെ സുസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാജ്യാന്തരബന്ധങ്ങളെ ശക്തമാക്കുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

won’t tolerate extremism says Rishi Sunak

More Stories from this section

family-dental
witywide