ജിദ്ദ: തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭയകേന്ദ്രങ്ങളിലും പീഡനം നടത്തുന്ന പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. അഞ്ച് വര്‍ഷം വരെ തടവോ പരമാവധി അഞ്ച് ലക്ഷം സൗദി റിയാല്‍ പിഴയൊ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന ശിക്ഷയാണ് ലഭിക്കുകയെന്ന് സൗദി പ്രോസിക്യൂട്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
തൊഴില്‍ രംഗത്തെ പീഡനങ്ങള്‍ തടയുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതു-സ്വകാര്യ മേഖലകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളോട് സൗദി പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പീഡനക്കേസിനെക്കുറിച്ച് അതത് മേഖലയിലെ ഏജന്‍സികളെ അറിയിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനുമായി സമീപ കാലത്തായി സൗദി അറേബ്യയില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ലൈംഗിക പീഡന ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പരമാവധി മൂന്ന് ലക്ഷം റിയാല്‍ പിഴയും ശിക്ഷ നല്‍കുന്ന നിയമം 2018-ല്‍ സൗദി അറേബ്യ പരിഷ്‌കരിച്ചിട്ടുണ്ട്. ലൈംഗീകാതിക്രമത്തിനു ഇരയാകുന്ന ഇര നിയമപരമായ പരാതി നല്‍കിയില്ലെങ്കിലും ലൈംഗികാതിക്രമത്തിനെതിരായ നിയമപരമായ ശിക്ഷ മാറ്റാനാവില്ലെന്ന് സൗദി അധികൃതര്‍ പറഞ്ഞു. നിയമമനുസരിച്ച്, പീഡനകേസില്‍ മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കണം. എന്നാല്‍ ഇര കൊച്ചു കുട്ടിയോ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വ്യക്തി ആല്ലെങ്കില്‍ ഉറങ്ങുമ്പോഴോ അബോധാവസ്ഥയിലോ പീഡനത്തിനു വിധേയനായാല്‍, ശിക്ഷ അഞ്ച് വര്‍ഷം വരെ തടവും പരമാവധി മൂന്ന് ലക്ഷംവരെ പിഴയൊ അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ ആയി ശിക്ഷ വര്‍ദ്ദിക്കും.
പീഡനം കുറ്റകൃത്യത്തില്‍ ഇര പരാതി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ഇടപെടാനാകുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. നേരിട്ടുള്ള പീഡനം കൂടാതെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഏതെങ്കിലും വിധത്തില്‍ ശരീരത്തെ പരാമര്‍ശിച്ചും മാന്യതയെ അപകാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുംവിധം ഒരു വ്യക്തി മറ്റൊരാളോട് ലൈംഗിക പ്രേരണ നല്‍കുന്ന ഏതെങ്കിലും വാക്കാലുള്ള പദപ്രയോഗം, പ്രവൃത്തി അല്ലെങ്കില്‍ ചലനം എന്നിങ്ങനെയുള്ള പ്രവൃത്തിയും പീഡനത്തിന്റെ പരിധിയില്‍പെടും.